പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

Published : Mar 06, 2022, 12:35 PM ISTUpdated : Mar 06, 2022, 01:17 PM IST
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

Synopsis

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു 

മലപ്പുറം ∙ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്ന് പാണക്കാട് മുൻവറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.

വയനാട് ജില്ലയുടെ ഖാസി, എസ്്‌വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.

കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലിക്കു സാധിച്ചു.

കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി