പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി.
കോഴിക്കോട്: മുൻ എംഎൽഎ പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി വി അൻവറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. റിയാസിനോട് മത്സരിക്കാൻ അൻവർ കാത്തിരിക്കുകയാണ്. എൽഡിഎഫ് ഭരണത്തിൽ ഇവിടെ ആർക്കാണ് ഗുണം ലഭിച്ചത് എന്ന് ചർച്ചയാകുമെന്നും എം സി മായീൻ ഹാജി പറഞ്ഞു. സിപിഎം കുടുംബാധിപത്യവും മരുമോനിസവും ബേപ്പൂരിൽ മാറ്റം കൊണ്ടുവരുമെന്നും മുസ്ലിം ലീഗ് നേതാവ് പറയുന്നു.
ബേപ്പൂരിലെ മത്സര സാധ്യത പരസ്യമാക്കിക്കൊണ്ട് ബേപ്പൂർ ബീച്ചിൽ ജനങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ അൻവർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കള പറിക്കാനല്ല കാറ്റ് കൊള്ളാൻ വന്നത് എന്നായിരുന്നു പോസ്റ്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ബേപ്പൂരിൽ കേന്ദ്രീകരിക്കുകയാണ് പി വി അൻവർ. ബേപ്പൂരിൽ അനുകൂല സാഹചര്യം ആണെന്നും നേരത്തെ പ്രചാരണം തുടങ്ങിയെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബാധിപത്യത്തിന് ബേപ്പൂരിൽ തിരിച്ചടി ഉണ്ടാകുമെന്നും മരുമോനിസത്തോട് സിപിഎം പ്രവർത്തകർക്കും എതിർപ്പ് ഉണ്ടെന്നും അൻവർ പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലത്തിൽ അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ലീഗ്, കോൺഗ്രസ് നേതാക്കളെ കണ്ടാണ് ചർച്ച നടത്തിയത്. സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

