സന്നദ്ധ പ്രവർത്തനം പാടില്ലെന്ന സർക്കാർ ഉത്തരവ് തെറ്റായ നടപടി: പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ

By Web TeamFirst Published Apr 4, 2020, 4:26 PM IST
Highlights

പ്രളയകാലത്ത് നാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്.

മലപ്പുറം: പാവപ്പെട്ടവർക്ക് കൂടുതൽ സഹായം ആവശ്യമുള്ള സമയത്ത് സന്നദ്ധ പ്രവർത്തനം പാടില്ലെന്ന സർക്കാർ ഉത്തരവ് തെറ്റായ നടപടിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ നിലപാട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയകാലത്ത് നാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും മുനവറലി ശിഹാബ് തങ്ങൾ ആരോപിച്ചു. 

കൊവിഡ് വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ കൂട്ടം കൂടിയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളടക്കം പാടില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്. ഇതിനെതിരെ നേരത്തെ മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ അടക്കം രംഗത്തെത്തിയിരുന്നു. കമ്യൂണിറ്റി കിച്ചൺ ഒഴികയുള്ള സന്നദ്ധപ്രവർത്തനത്തിന് സർക്കാർ വിലങ്ങ് തടിയാകുകയാണെന്നും പ്രവർത്തനങ്ങൾ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞ് നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് എംകെ മുനീർ  ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!