യൂത്ത് ലീഗ് ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

By Web TeamFirst Published Feb 3, 2021, 6:04 PM IST
Highlights

കത്വ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ഖേദകരമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

മലപ്പുറം: യൂത്ത് ലീഗുമായി ഉയർന്ന ഫണ്ട് തിരിമറി ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കത്വ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ഖേദകരമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

അതേസമയം  യൂത്ത് ലീഗിലെ ഫണ്ട് തിരിമറി ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാൻ കഴിയില്ലെങ്കിൽ പണപ്പിരിവ് മുസ്ലീം ലീഗ് നിർത്തണമെന്ന് കെ.ടി.ജലീൽ പറഞ്ഞു. 

ഫണ്ട് തിരിമറിയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വവും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിൻ്റെ കണക്ക് ചോദിക്കില്ല പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് എതിരു നിൽക്കരുതെന്നാണ് അതെന്നും കെ.ടി.ജലീൽ മലപ്പുറത്ത് പറഞ്ഞു.

കത്വ-ഉന്നാവോ പീഡനക്കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി യൂത്ത് ലീഗ് പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്ന ആരോപണം ഉന്നയിച്ചത് പാർട്ടിയിൽ നിന്നും പുറത്തായ നേതാവ് യൂസഫ് പടനിലമാണ്. ഈ ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ രംഗത്തു വന്നിരുന്നു. 

പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വ‍ർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി വ്യക്തമായിരുന്നു. 

പാർട്ടിയിൽ നിന്നും പുറത്താക്കുകയും എൽഡിഎഫ് സ്ഥാനാർത്ഥിയായി തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത ആളാണ് യൂസഫ് പടനിലമെന്ന് ആരോപിച്ച ആ ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് യൂത്ത് ലീഗ് എന്നാൽ പാണക്കാട് കുടുംബത്തിലെ ഒരംഗം ആരോപണത്തെ പിന്തുണയ്ക്കുന്നു എന്നത് പാർട്ടിയെ ആകെ പ്രതിരോധത്തിലാക്കുന്നുണ്ട്. 

click me!