പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു

Published : Jun 21, 2023, 10:39 PM IST
പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ മുജീബിനെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു

Synopsis

പലതവണ ഓഫീസ് കയറി ഇറങ്ങിയതിന്റെ നിരാശയിലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീ ഇട്ടതെന്നും ഈ ആക്രമണത്തിന്റെ ഉത്തരവാദി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയാണെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തി

മലപ്പുറം: ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കാത്തതിനാൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതകശ്രമ കുറ്റം പൊലീസ് ചുമത്തി. പൊതുമുതൽ നശിപ്പിച്ചതിനും കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇന്നുച്ചയ്ക്ക് ഭൂരിഭാഗം ജീവനക്കാരും ഭക്ഷണം കഴിക്കാൻ പുറത്തു പോയ സമയത്താണ് മുജീബ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിൽ പെട്രോളുമായെത്തി തീയിട്ടത്.

പെട്രോൾ അടങ്ങിയ ക്യാനുമായി മുജീബ് ഓഫീസിലേക്ക് കയറി തീ ഇടുകയായിരുന്നു. കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂർണമായും കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. തീ ഇട്ടതിനുശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ ഒളിച്ച മുജീബ് അവിടെവച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേലാറ്റൂർ പോലീസ് എത്തിയാണ് മുജീബിനെ പുറത്തേക്ക് എത്തിച്ചത്.  

പലതവണ ഓഫീസ് കയറി ഇറങ്ങിയതിന്റെ നിരാശയിലാണ് മുജീബ് പഞ്ചായത്ത് ഓഫീസിന് തീ ഇട്ടതെന്നും ഈ ആക്രമണത്തിന്റെ ഉത്തരവാദി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയാണെന്നും ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. അതേസമയം പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിൽ 104ാം സ്ഥാനത്താണ് മുജീബുള്ളത്. ഈ സാമ്പത്തിക വർഷം ആദ്യ 50 പേർക്കാണ് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. 

കീഴാറ്റൂർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്ന വീട്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ളതാണ് വീട്. അകത്തേക്ക് കയറിയാൽ ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക് കീഴിലാണ് കുടുംബാംഗങ്ങൾ താമസിക്കുന്നതെന്ന് വ്യക്തമാകും. മുജീബിനൊപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ഇയാൾ ഓഫീസുകൾ കയറി ഇറങ്ങുന്നെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

രണ്ട് മുറി മാത്രമുള്ള മുജീബിന്റെ വീട്ടിൽ മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ വലിയൊരു കുട നിവർത്തി വച്ചിട്ടുണ്ട്. സ്വന്തമായി ചോർന്നൊലിക്കാത്ത ഉറപ്പുള്ള ഒരു വീടിന് വേണ്ടിയാണ് മുജീബ് വർഷങ്ങളായി പഞ്ചായത്ത് അടക്കം ഓഫീസുകൾ കയറിയിറങ്ങിയത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ പഞ്ചായത്തിൽ വേറെയില്ലെന്നാണ് നാട്ടുകാരിലൊരാളുടെ വാക്കുകള്‍. മൂന്ന് സെന്റ് സ്ഥലത്തെ വീടാണിത്. ഒരു പരിഹാരവും കാണാത്ത സാഹചര്യത്തിലാണ് മുജീബ് ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്നും നാട്ടുകാർ പറയുന്നു.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി