
പാലക്കാട്: പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്. സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്‍റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി.
ഇതിനിടെ, പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ മുൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനമേറ്റു. ലക്കിടി തെക്കും റോഡ് സ്വദേശിയായ സുരേന്ദ്രനാണ് മർദ്ദനമേറ്റത്. ഇരുമ്പു വടി ഉപയോഗിച്ച് നാലുപേരെത്തി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ കണ്ടാലറിയാവുന്ന നാലുപേർ ചേർന്ന് തടഞ്ഞുനിർത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വാർഡ് നഷ്ടപ്പെട്ടതിന്‍റെ കാരണക്കാരൻ താനാണെന്ന് ചില വ്യക്തികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നുവെന്നും ഇതിനുപിന്നാലെയാണ് മർദ്ദനമുണ്ടായതെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. കൈകാലുകൾക്ക് പരിക്കേറ്റ സുരേന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുപക്ഷം ഭരിക്കുന്ന ലക്കിടി പേരൂർ പഞ്ചായത്തിൽ കാലങ്ങളായി കൈവശമുണ്ടായിരുന്ന തെക്കുംചെറോട് വാർഡ് സിപിഎമ്മിന് ഇത്തവണ നഷ്ടപ്പെട്ടിരുന്നു. മുസ്‌ലിം ലീഗാണ് ഇവിടെ വിജയിച്ചത്.
കണ്ടാലറിയാവുന്ന നാലുപേരെ പ്രതി ചേർത്തുകൊണ്ട് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സുരേന്ദ്രൻ കുറച്ചുനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. സിപിഎം പ്രവർത്തകരാണോ ആക്രമിച്ചത് എന്ന ചോദ്യത്തിന് ചില വ്യക്തികളാണെന്നും പാർട്ടിയല്ല ചെയ്തത് എന്നുമാണ് സുരേന്ദ്രന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam