ആ​ഗോള അയ്യപ്പ സം​ഗമം: പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ല

Published : Sep 17, 2025, 01:38 PM IST
global ayyappa sangam and pandalam palace

Synopsis

ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സം​ഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.

പത്തനംതിട്ട: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സം​ഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, അയ്യപ്പ സം​ഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വ്യക്തമാക്കുന്നതായിരുന്നു വാർത്തക്കുറിപ്പ്.

യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്തക്കുറിപ്പിൽ പറഞ്ഞു. വിശ്വാസം സംരക്ഷിച്ചുകൊണ്ട് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ടു പോകണമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രി അന്തരിച്ചിരുന്നു. തൃപ്പൂണിത്തുറ കോവിലകത്തെ മാളവികയാണ് മരിച്ചത്. സെപ്റ്റംബർ 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും അന്തരിച്ചിരുന്നു. ഇവരുടെ നിര്യാണത്തെ തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നതിനാലാണ് പന്തളം കൊട്ടാരം പ്രതിനിധികൾ അയ്യപ്പ സം​ഗമത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് വാർത്തക്കുറിപ്പിൽ അറിയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്