
കണ്ണൂര്‍:പാനൂർ ബോംബ് നിർമാണക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്ഫോടക വസ്തുക്കൾ നൽകിയ വടകര,കതിരൂർ സ്വദേശികളാണ് പിടിയിലായത്. മൂന്നരക്കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു.വടകര മടപ്പളളി കേളോത്ത് ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരാണ് അറസ്റ്റിലായത്.
ബോംബ് നിർമിക്കാൻ സ്ഫോടകവസ്തുക്കളെത്തിച്ചത് എവിടെ നിന്നെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. പ്രധാന പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വെടിമരുന്നെത്തിയത് വടകരയിൽ നിന്നെന്ന് വ്യക്തമായത്. വെടിമരുന്ന് സൂക്ഷിക്കാൻ ലൈസൻസുളളയാളാണ് ബാബു.
ഉത്സവങ്ങളിൽ കരിമരുന്ന് പ്രയോഗത്തിന് പാനൂർ,തലശ്ശേരി മേഖലയിൽ ഇയാളെത്താറുണ്ട്. ഈ പരിചയം ഉപയോഗിച്ചാണ് മുളിയന്തോട് വിനീഷ് ഉൾപ്പെടെയുളള സംഘം വെടിമരുന്ന് സംഘടിപ്പിച്ചത്. അനധികൃതമായി സ്ഫോടക വസ്തു കൈമാറിയതിനാണ് ബാബുവിന്‍റെ അറസ്റ്റ്. ബോംബ് നിർമാണത്തെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം.പതിവായി സ്ഫോടകവസ്തുക്കൾ ബോംബ് നിർമാണത്തിനുൾപ്പെടെ നൽകിയിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
രജിലേഷും ജിജോഷുമാണ് വെടിമരുന്ന് ബോംബ് നിർമാണ സംഘത്തിന് എത്തിച്ചുനൽകിയത്.നിയമവിരുദ്ധമായി സൂക്ഷിച്ച മൂന്നരക്കിലോ സ്ഫോടക വസ്തുക്കൾ കോഴിക്കോട് ചോമ്പാല പൊലീസ് പിടിച്ചെടുത്തു. ഒരാളുടെ ജീവനെടുത്ത പാനൂർ സ്ഫോടന കേസിൽ ഇതുവരെ അറസ്റ്റിലായത് പന്ത്രണ്ടുപേരാണ്. പ്രതികൾക്ക് ഒളിവിൽ പോകാനുൾപ്പെടെ സഹായം നൽകിയവരെ പൊലീസ് അന്വേഷിക്കുകയാണ്.