'വേട്ടയാടലും സദാചാര പൊലീസിങ്ങും ആസൂത്രിതം'; വെളിപ്പെടുത്തലുമായി ഉമേഷ് വള്ളിക്കുന്ന്

By Web TeamFirst Published Sep 24, 2020, 8:55 AM IST
Highlights

തന്നെ സസ്പെന്‍ഡ് ചെയ്തത് ക്രമവിരുദ്ധമായാണ്. ഈ നടപടി ചോദ്യം ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വളളിക്കുന്ന്.

കോഴിക്കോട്: സദാചാര പൊലീസിങ്ങിനെതിരെ ആഞ്ഞടിച്ച് സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. തന്നെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ഉമേഷ് വള്ളിക്കുന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തില്‍ പറഞ്ഞു. 

ഹ്രസ്വ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് എ വി ജോര്‍ജ്ജിന് തന്നോട് പക തുടങ്ങിയതെന്ന് ഉമേഷ് പറയുന്നു. തുടര്‍ന്ന് ട്രാഫിക്കിലേക്ക് മാറ്റുകയും കമ്മീഷണര്‍ വരുന്ന വഴിക്ക് ഡ്യൂട്ടിയിലിട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഉമേഷ് ആരോപിക്കുന്നു. ഇതിന് പിന്നാലെ  'കാട് പൂക്കുന്ന നേരം' എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍  മെമ്മോ നല്‍കി. ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയ ശേഷവും ഇന്‍ക്രിമെന്‍റ് കട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണത്തിന്‍റെ പേരില്‍ സസ്പെന്‍ഷനെന്ന് ഉമേഷ് വിശദീകരിച്ചു.

സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത് പോലെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ നിത്യ സന്ദര്‍ശകനാണ് എന്ന് പറയുന്ന ആരോപണം തികച്ചും തെറ്റാണെന്നും അത്തരത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എങ്കില്‍ പോലും അത് എങ്ങനെ കുറ്റമാകുമെന്ന് ഉമേഷ് ചോദിക്കുന്നു. തന്നെ സസ്പെന്‍ഡ് ചെയ്തത് ക്രമവിരുദ്ധമായാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ നടപടി ചോദ്യം ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. പൊലീസിന്‍റെ പ്രവര്‍ത്തന രീതിയില്‍ കാലോചിതമായ മാറ്റം അനിവാര്യമെന്നും ഉമേഷ് വള്ളിക്കുന്ന് പറയുന്നു. പൊലീസ് അസോസിയേഷന്‍റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: പറഞ്ഞതല്ല മൊഴിയായി രേഖപ്പെടുത്തിയത്; ആരും തട്ടിക്കൊണ്ടു വന്നതല്ല; പൊലീസിനെതിരെ യുവതി

കഴിഞ്ഞ ദിവസമാണ് പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻ‌ഡ് ചെയ്തത്. ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം' എന്ന സിനിമയുടെ പോസ്റ്ററും കുറിപ്പും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കമ്മീഷണര്‍ മെമ്മോ നല്‍കിയിരുന്നു. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് യുവതിക്ക് താമസിക്കാൻ ഫ്ലാറ്റ് എടുത്ത് നൽകിയതിന്‍റെ പേരിൽ ഉമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Also Read: യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന് കമ്മീഷണറുടെ മെമ്മോ

click me!