Asianet News MalayalamAsianet News Malayalam

യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥന് കമ്മീഷണറുടെ മെമ്മോ

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റുകള്‍ വിവാദമായ സമയത്ത് പൊലീസിന്റെ യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് വിശദീകരണം നല്‍കാനാണ് കമ്മീഷണര്‍ മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
 

cpo got memo after sharing a facebook post on kaadu pookkunna neram
Author
Thiruvananthapuram, First Published Nov 14, 2019, 9:06 PM IST

ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം' എന്ന സിനിമയുടെ പോസ്റ്ററും കുറിപ്പും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കമ്മീഷണറുടെ മെമ്മോ. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പന്തീരാങ്കാവ് യുഎപിഎ അറസ്റ്റുകള്‍ വിവാദമായ സമയത്ത് പൊലീസിന്റെ യുഎപിഎ നടപടികളെ വിമര്‍ശിക്കുന്ന സിനിമയെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് വിശദീകരണം നല്‍കാനാണ് കമ്മീഷണര്‍ മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മിഠായിത്തെരുവിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ഉമേഷ് വള്ളിക്കുന്ന്. 'കാട് പൂക്കുന്ന നേര'ത്തിന്റെ സംവിധായകന്‍ ഡോ. ബിജുവാണ് ഉമേഷിന് ലഭിച്ച മെമ്മോയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോയുടെ പകര്‍പ്പും ബിജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

cpo got memo after sharing a facebook post on kaadu pookkunna neram

 

ഡോ. ബിജുവിന്റെ കുറിപ്പ്

കാട് പൂക്കുന്ന നേരം സിനിമയില്‍ മാവോയിസ്റ്റ്, യു എ പി എ, എന്നീ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു എന്നതിന്റെ പേരില്‍ ഉമേഷ് വള്ളിക്കുന്ന് എന്ന സുഹൃത്തിന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ മെമ്മോ. പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന ഉമേഷിന് ശിക്ഷാ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള വിശദീകരണം ചോദിച്ചിരിക്കുകയാണ് . പോലീസിന്റെ മാവോയിസ്റ്റ് നടപടികളെയും UAPA പ്രകാരമുള്ള നടപടികളെയും വിമര്‍ശിക്കുന്ന കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം ഷെയര്‍ ചെയ്തത് പോലീസിനെ വിമര്‍ശിക്കപ്പെടാനും സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യാനും സാധ്യത ഉള്ളതായി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഈ വിഷയത്തില്‍ ഉമേഷിനോട് വിശദീകരണം ചോദിച്ചിരിക്കുക ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍. ഇന്ത്യയില്‍ അണ്‍ റസ്ട്രിക്റ്റഡ് പൊതു പ്രദര്‍ശനത്തിന് സെന്‍സര്‍ അനുമതി ലഭിച്ചിട്ടുള്ള , കേരള സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചു പ്രധാന പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്‌കാരവും കിട്ടിയ, ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് ആണ് കേരളാ പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലാണിത് സംഭവിച്ചത്.ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തും അല്ല ,ആവിഷ്‌കാര സ്വാതന്ത്രത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന നാട്ടില്‍ ആണ്. ഒരു സിനിമാ ആസ്വാദകന് ഈ നാട്ടില്‍ നിരോധിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ തനിക്കിഷ്ടപ്പെട്ട രംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്ത ഫാസിസ്റ്റ് കാലത്താണോ നമ്മള്‍ ജീവിക്കുന്നത്..ഇക്കണക്കിന് കാട് പൂക്കുന്ന നേരം സിനിമ കാണുന്നവര്‍ക്കെതിരെയും ആ സിനിമ പ്രദര്‍ശിപ്പിക്കുന്ന ഫിലിം സൊസൈറ്റികള്‍ക്കും കോളേജുകള്‍ക്കും എതിരെ പോലും പോലീസ് ഇനി കേസ് എടുക്കാന്‍ സാധ്യത ഉണ്ടല്ലോ. എന്തൊരു നാടാണ് ഇത്..എങ്ങോട്ടേക്ക് ആണീ പോലീസ് സ്റ്റേറ്റ് സഞ്ചരിക്കുന്നത്...ഏതായാലും ഇനി ഇപ്പൊ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെ വലിയ വായില്‍ നിലവിളിക്കുന്ന ആ പുരോഗമന കലാ പരിപാടി വീണ്ടും പുരോഗമന പ്രസ്ഥാനങ്ങള്‍ കൊണ്ടാടുമോ അതോ നിര്‍ത്തി വെക്കുമോ എന്നതാണ് അറിയേണ്ടത്..ഉമേഷ് മെമ്മോയ്ക്ക് ഉശിരന്‍ മറുപടി നല്‍കിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.. കാട് പൂക്കുന്ന നേരം കൂടുതല്‍ കാഴ്ച്ച ആവശ്യപ്പെടുന്ന സമയം ആണിത്. ഒരു കലാസൃഷ്ടിയെ പോലീസ് ഭയക്കുന്നു എങ്കില്‍ അതിന്റെ അര്‍ത്ഥം ആ കലാസൃഷ്ടി സത്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നു എന്ന് തന്നെയാണ്.പ്രിയപ്പെട്ട കേരളാ പോലീസേ, ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും ..പക്ഷെ ഒരു കലാസൃഷ്ടിയെ എത്ര കാലത്തേക്ക് നിങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ സാധിക്കും?.എല്ലാ ഫാസിസ്റ്റ് നിലപാടുകള്‍ക്കും മീതെ കലാ സൃഷ്ടികള്‍ ലോകത്തോട് സംവദിച്ചു കൊണ്ടേ ഇരിക്കും..ലോകമുള്ള കാലത്തോളം..പ്രിയ ഉമേഷ് സ്‌നേഹം..അഭിമാനം..ഒപ്പമുണ്ട് എപ്പോഴും..

സിനിമ ചെയ്യാനും സമൂഹത്തോട് സംസാരിക്കാനും പ്രേരിപ്പിക്കുന്നത് ഉമേഷിനെ പോലെ ആര്‍ജ്ജവവും നിലപാടുകളുമുള്ള കുറെ ഏറെ ആളുകള്‍ ഈ കെട്ട കാലത്തും ജീവിച്ചിരിക്കുന്നു എന്നറിയുമ്പോഴാണ്....ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ഒരു മുഖമേ ഉള്ളൂ..അത് ആര് ചെയ്താലും ഫാസിസം തന്നെയാണ്. അവരുടെ ഫാസിസം അക്രമം എതിര്‍ക്കപ്പെടേണ്ടത്, നമ്മുടെ ഫാസിസം ഉദാത്തം അത് അത്ര വലിയ കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന നിഷ്‌കളങ്കര്‍ക്ക് നല്ല നമസ്‌കാരം...

സമീപ കാലത്ത് തന്നെ ഭരണ കൂടത്തേയും പോലീസിനെയും വിമര്‍ശിക്കുന്ന സിനിമകളും സാഹിത്യവും നിരോധിക്കുന്ന സുന്ദര സുരഭില കാലത്തേക്കാണ് നമ്മള്‍ അതിവേഗം മാര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നത്... ഉമേഷിന് കിട്ടിയ മെമ്മോയുടെ പകര്‍പ്പ് ഒപ്പം..

Follow Us:
Download App:
  • android
  • ios