ഡ്രൈവർക്ക് കൊവിഡ് ബാധിച്ച പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചു

By Web TeamFirst Published Jun 17, 2020, 12:50 PM IST
Highlights

രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തം ആക്കും. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാർ ഉൾപ്പടെ നിരവധി പേരുൾപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചു. ഡിപ്പോയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം. 

ഡ്രൈവർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടും ഡിപ്പോയോ ബസുകളോ അണുവിമുക്തമാക്കിയില്ല. ജീവനക്കാർക്ക് പുതുതായി മാസ്കോ, ഗ്ലൗസുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ നൽകിയില്ല.  ഈ മാസം മൂന്നുമുതൽ 13 വരെ ഡ്രൈവർ കൊവിഡ് ഡ്യൂട്ടിക്കടക്കം പോവുകയും ഡിപ്പോയിലെ മുറിയിൽ തങ്ങുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരെ പൂർണമായി കണ്ടെത്തുക പോലും ചെയ്യാതെ സർവ്വീസ് തുടങ്ങാനില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു.

ജീവനക്കാർ ഡ്യൂട്ടിക്ക് കയറാത്തിനാൽ ഇന്ന് രാവിലെ സർവീസുകൾ പുറപ്പെട്ടില്ല. ജീവനക്കാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്സും ബിജെപിയും രംഗത്തെത്തി. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സർക്കാർ നടപടി തുടങ്ങിയത്. രണ്ട് ദിവസത്തേക്ക് അടച്ചിട്ട് ഡിപ്പോയും ബസുകളും അണുവിമുക്തമാക്കും.  ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 17 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.  

രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ഡിപ്പോ അണുവിമുക്തമാക്കും. രണ്ടാംനിര സമ്പർക്ക പട്ടികയിലും ജീവനക്കാർ ഉൾപ്പടെ നിരവധി പേരുൾപ്പെട്ടിട്ടുണ്ട്. ഡ്രൈവർ, ഭക്ഷണം കഴിച്ച ഹോട്ടലുകൾ കണ്ടെത്തി അണുവിമുക്തമാക്കും. വേണ്ടി വന്നാൽ അടച്ചിടും.

പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് കോവിഡ് പരിശോധന നടത്തും. പാപ്പനംകോട് ഡിപ്പോയിലെ  കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. കൊവി‍ഡ് ഡ്യൂട്ടിയിലുള്ളവർക്ക് മതിയായ സുരക്ഷ ഒരുക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരിന് പിന്നാലെ തിരുവനന്തപുരത്തും ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെഎസ്ആർസി ജീവനക്കാരുടെ സുരക്ഷ വലിയ ആശങ്കയിലാണ്.

click me!