Latest Videos

വെള്ളമുള്ള സ്കൂൾ കിണറിലേക്ക് ടാങ്കറിൽ വെള്ളമെത്തി, കാരണക്കാർ രണ്ട് 'വിഐപികൾ', പാറശ്ശാലയിലെ പാമ്പുകൾക്ക് രക്ഷ

By Prabeesh bhaskarFirst Published Jan 1, 2024, 11:08 PM IST
Highlights

പാറശ്ശാല കൊടവിളാകം ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ കിണറ്റിൽ നിന്നും രണ്ട് ചേരയെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെയും പിടികൂടി

തിരുവനന്തപുരം: രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു. പാറശ്ശാല കൊടവിളാകം ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ കിണറ്റിൽ നിന്നും രണ്ട് ചേരയെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെയും പിടികൂടി. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് ഇവയെ പിടികൂടിയത്. വനംവകുപ്പിന് വേണ്ടി പാമ്പ് പിടിക്കുന്ന വെള്ളറട സ്വദേശി രോഹിത് സ്ഥലത്തെത്തിയാണ് കിണറ്റിനുള്ളിൽ നിന്നും ഇവയെ പിടികൂടി കരക്കെത്തിച്ചത്. 

കിണറ്റിൽ പാമ്പ് കിടക്കുന്നു എന്ന് ആരോപിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ രാവിലെ കുത്തിയിരിന്ന് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാറശ്ശാല പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നടപടി  സ്വികരിച്ചത്. ആഴ്ചകൾക്കു മുമ്പേ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ രണ്ട് പാമ്പ് കിടക്കുന്നതായി ചില രക്ഷിതാക്കൾ കാണുകയും തുടർന്ന് വിവരം സ്കൂൾ അധികൃതരെ വിളിച്ചു കാണിക്കുകയും ചെയ്തിരുന്നു.  

സ്കൂൾ അധികൃതർ പാറശാല പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും ക്രിസ്തുമസ് അവധി കഴിഞ്ഞ് ഇന്ന് ക്ലാസ് ആരംഭിച്ചിട്ടും കിണറ്റിൽ ഉണ്ടായിരുന്ന പാമ്പിനെ പുറത്തെടുക്കാൻ ശ്രമം ഉണ്ടായില്ല എന്ന് ആരോപിച്ചാണ് രക്ഷിതാക്കളിൽ ചിലർ സ്കൂളിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 

ഫയർഫോഴ്സിന്റെ സഹായത്തോടെ ആദ്യം കിണറ്റിനുള്ളിൽ നിന്ന് പാമ്പിനെ പുറത്ത് എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കിണറ്റിനുള്ളിൽ വെള്ളം നിറച്ചാൽ മാത്രമേ പൊത്തിനുള്ളിൽ ഇരിക്കുന്ന ചേരയെ പുറത്തു എത്തിക്കാൻ സാധിക്കുകയുള്ളു എന്ന് പാമ്പ് പിടുത്തക്കാരൻ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പുറത്ത് നിന്നും വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. 

അമ്പമ്പോ എന്തൊരു ഭാരം'; ഷോപ്പിംഗ് മാളിൽ നിന്നും പിടികൂടിയ മുതലയ്ക്ക് 272 കിലോഗ്രാം ഭാരം, 12 അടി നീളം !

തുടർന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചു കിണറ്റിലേക്ക് വെള്ളം ഒഴിച്ച് തുടങ്ങിയതോടെയാണ് കിണറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന ഉറയുടെ പൊത്തിലിരുന്ന രണ്ടു ചേരകളും വെള്ളത്തിൽ ഇറങ്ങിയത്. തുടർന്ന് പാമ്പുപിടിത്തക്കാരൻ കിണറ്റിലിറങ്ങി ചേരകളെ പിടികൂടി കരയിൽ കയറിയ ശേഷമാണ് കിണറ്റിനുള്ളിൽ പാമ്പ് ഉള്ളത് കാണുന്നത്.  തുടർന്ന് ഇയാൾ വീണ്ടും കിണറ്റിനുള്ളിൽ ഇറങ്ങി പാമ്പിനെ പിടികൂടി. പാറശ്ശാല പോലിസും, ഫയർഫോഴ്സും സഹായത്തിന് ഒപ്പം ഉണ്ടായിരുന്നു. പിടികൂടിയ ചേരകളെയും, പാമ്പിനെയും പരുത്തിപ്പള്ളി വനംവകുപ്പിന് കൈമാറുമെന്ന് രോഹിത് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!