നിരീക്ഷണത്തിനിടെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്ന് പത്തനംതിട്ട കളക്ടര്‍

Web Desk   | Asianet News
Published : Mar 18, 2020, 11:07 AM IST
നിരീക്ഷണത്തിനിടെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്ന് പത്തനംതിട്ട കളക്ടര്‍

Synopsis

രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന ഒരു വനിതാഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമയപരിധി കഴിയും മുന്‍പേ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് 19 വൈറസ് ബാധയെ തടയേണ്ടത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അതു മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. 

അതേസമയം രണ്ട് പേരെ കൂടി ഇന്നലെ പത്തനംതിട്ടയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുവൈത്തില്‍ നിന്നും മടങ്ങിയെത്തിയ ഒരു പ്രവാസിയേയും ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാളെയുമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 

രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന ഒരു വനിതാഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിലവില്‍ 24 പേരാണ് പത്തനംതിട്ടയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രണ്ടായിരത്തിലേറെ പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 

17 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി പത്തനംതിട്ടയില്‍ വരേണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ആര്‍ക്കും കൊവിഡ് 19 ബാധയുണ്ടായില്ല എന്നത് ജില്ലാ ഭരണകൂടത്തിന് ആശ്വാസം നല്‍കുന്നുണ്ട്.  അതേസമയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട പലരും പുറത്തിറങ്ങി നടക്കുന്നത് അധികൃതര്‍ക്ക് തലവേദനയുണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച തമിഴ്നാട് സ്വദേശയിയായ യുവാവ് ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയത് ഇതിലൊടുവിലത്തെ സംഭവമാണ്

അതിനിടെ മാസപൂജ കഴിഞ്ഞ് ശബരിമല നട ഇന്നടയ്ക്കും. തീര്‍ത്ഥാടകര്‍ വരേണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ വളരെ കുറവ് തീര്‍ത്ഥാടകര്‍ മാത്രമാണ് ഇക്കുറി സന്നിധാനത്ത് എത്തിയത്. ഇന്നലെ വരെ ആകെ 7000 പേര്‍ മാത്രമേ ദര്‍ശനം നടത്തിയുള്ളൂവെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്ക്. കൊവിഡ് 19 ഭീതിയുടെ അടിസ്ഥാനത്തില്‍ ഇക്കുറി ഭണ്ഡാരത്തിലെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താതെയാണ് നട അടയ്ക്കുന്നത്. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ