
പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെഎസ് അനിൽകുമാർ (46)നെ മൂഴിയാർ സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും ചേർന്ന് വീട്ടിൽ കയറി മർദിച്ചതായാണ് പരാതി. ഹൃദ്രോഗിയായ അനിൽ കുമാറിനെ മരുന്ന് കഴിക്കാൻ പോലും അനുവദിക്കാതെയായിരുന്നു മർദിച്ചതെന്നാണ് ആരോപണം. രോഗം ബാധിച്ച കാലുകളിൽ ബൂട്ടിട്ട് ചവിട്ടിയതായും പറയുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് ലൈവിനെതിരെ പരാതിയുണ്ടെന്ന് പറഞ്ഞായിരുന്നു പോലീസ് അനിൽകുമാറിന്‍റെ വീട്ടിലെത്തിയത്.
ഭക്ഷണം കഴിക്കുകയായിരുന്നു അനിൽകുമാർ. ഹൃദ്രോഗത്തിനു പുറമേ കരൾ വൃക്ക രോഗ ബാധിതനായ അനിൽകുമാർ തനിക്ക് മരുന്ന് കഴിക്കാൻ ഉണ്ടെന്നും അതിനു ശേഷം കൂടെ വരാം എന്നും പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല എന്നാണ് പറയുന്നത്. ഉടുപ്പിന് പിടിച്ചു വലിച്ചു പുറത്തിറക്കിയ ശേഷവും മർദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.രണ്ടുദിവസം മുമ്പാണ് സിപിഎം പ്രവർത്തകൻ കൂടിയായ അനിൽകുമാർ സ്ത്രീസുരക്ഷാ പെൻഷൻ നിർത്തലാക്കിയതും ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിലെ ആരോഗ്യമന്ത്രിയുടെ ഇടപെടലുമൊക്കെ ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിന്‍റെ രീതികളെ ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്.
ഇതിന് പിന്നാലെ ഇന്നലെ രാവിലെ 11 മണിയോടെ മുഴിയാർ പോലീസ് സ്റ്റേഷനിലെ എസ് ഐയും ഡ്രൈവറും അനിൽകുമാറിന്റെ വീട്ടിലെത്തി. നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽകോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മർദ്ദനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അടക്കം പരാതി നൽകാനൊരുങ്ങുകയാണ് അനിൽകുമാറും കുടുംബവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam