
പത്തനംതിട്ട: പത്തനംതിട്ട വരയന്നൂരിലെ സുരേഷിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിൻ്റെ തൂങ്ങിമരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഡി ഐ ജി അജിത ബീഗത്തിന്റേതാണ് നിർദ്ദേശം. പത്തനംതിട്ട അഡീഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.
മാർച്ച് 16 നാണ് വരയന്നൂർ സ്വദേശി കെ എം സുരേഷിനെ കനാലിന് സമീപത്ത് കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പൊലീസ് പിടികൂടിയത്. വൈകീട്ട് വിട്ടയച്ചു. രാത്രി പിന്നെയും കാക്കി യൂണിഫോമിട്ട പൊലീസുകാരെന്ന് തോന്നുന്ന ആളുകൾ കൂട്ടിക്കൊണ്ടുപോയെന്നാണ് അമ്മയും അയൽക്കാരും പറയുന്നത്. മാർച്ച് 22 ന് കോന്നി ഇളകൊള്ളൂരിലെ ഒരു തോട്ടത്തിലാണ് 58 കാരൻ സുരേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും ദേഹമാസകലം അടിയേറ്റ ചതവുകളും കണ്ടെത്തി. എന്നാൽ അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് എടുത്ത എഫ്ഐആറിൽ ഒരു മാറ്റവുംവന്നില്ല. പൊലീസ് അന്വേഷണത്തിലെ ഒളിച്ചുകളിയാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്.
പുല്ലാടുള്ള വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് സുരേഷ്. സ്വദേശമായ വരയന്നൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ കോന്നിയിലാണ് സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷിന്‍റെ ബന്ധുക്കളോ സുഹൃത്തുക്കളോ അവിടെയില്ല. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കേസിലെ ദുരൂഹത നീക്കണമെന്നും സുരേഷിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു. അതേസമയം, സുരേഷിന്‍റെ മരണവും പൊലീസ് കസ്റ്റഡിയുമായി ഒരു ബന്ധുവുമില്ലെന്ന് കോയിപ്രം പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam