
പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെൻപാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നാണ് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്നലെ രാത്രിയിലാണ് ശ്വാസമുട്ടലിനെ തുടർന്ന് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 12 മണിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസിൽ കയറ്റി. ഓക്സിജൻ സിലണ്ടർ ഘടിപ്പിച്ചാണ് ആംബുലൻസ് പുറപ്പെട്ടത്. എന്നാൽ 10 മിനിറ്റിനു ശേഷം രോഗിയുടെ നില ഗുരുതരമായി. വാഹനത്തിൽ ഉണ്ടാരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നതാണ് നില വഷളാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരുവല്ലയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജലേക്കുള്ള വഴിയിലെ ആശുപത്രികളിൽ ആംബുലൻസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ നിർത്തിയില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. എന്നാൽ ആംബുലൻസിൽ ഓക്സിജൻ നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ ബിജോയിയുടെ വിശദീകരണം
എന്നാൽ ഗുരുതര നിലയിലാണ് രോഗിയെ തിരുവല്ല ആശുപത്രിയിലെത്തിച്ചതെന്നും ബന്ധുക്കളുടെ അവശ്യപ്രകാരമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചതെന്നുമാണ് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജു വി.നെൽസന്റെ വിശദീകരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഈ വിശദീകരണം ശരി വയ്ക്കുന്നുണ്ട്. ആലപ്പുഴയിൽ എത്തിച്ച് 30 മിനിറ്റിന് ശേഷമാണ് രോഗി മരിച്ചത്.
ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന പരാതി: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, കേസെടുത്ത് പൊലീസ്
ബന്ധുക്കളുടെ പരാതിയിൽ പുളിക്കിഴ് പൊലീസ് കേസെടുത്തു. പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസറോട് ആണ് റിപ്പോർട്ട് തേടിയത്.
ഓക്സിജൻ ഉണ്ടായിരുന്നില്ല, അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല: തിരുവല്ല മരണത്തിൽ ബന്ധു
ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് മരിച്ച രാജന്റെ സഹോദരന്റെ മകൾ പിങ്കി പറഞ്ഞു. ഓക്സിജൻ ഇല്ലെന്ന് അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല. ഇടക്കുള്ള ആശുപത്രിയിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. 3 കിലോ മീറ്റർ കഴിഞ്ഞപ്പോൾ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാൻ പോലും കഴിയില്ലെന്ന് ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞെന്നും പിങ്കി വ്യക്തമാക്കി.