Asianet News MalayalamAsianet News Malayalam

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന പരാതി: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, കേസെടുത്ത് പൊലീസ്

അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു

Health Minister seeks report on the Complaint that the patient died without getting oxygen
Author
First Published Aug 15, 2022, 12:36 PM IST

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്.  പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട്  ആണ് റിപ്പോർട്ട് തേടിയത്. അതിനിടെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പൊലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു

 

അതിനിടെ ആംബുലൻസിലെ ഓക്സിജൻ സൈലൻഡറിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറയുന്നു. ഓക്സിജൻ ഇല്ലെന്നറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല. ശ്വാസം കിട്ടാതെ രോഗിയുടെ നില വഷളായതോടെ വഴിയിലുള്ള ഏതെങ്കിലും ആശുപത്രിയിൽ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് നിർത്താൻ ഡ്രൈവർ തയാറായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് മൂന്ന് കിലോ മീറ്റർ കഴിഞ്ഞപ്പോൾ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ രോഗി മരിച്ചുവെന്നും വെന്‍റിലേറ്ററിൽ പോലു പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ആലപ്പുഴയിൽ ഡോക്ടർ മാർ പറഞ്ഞുവെന്നും മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറയുന്നു

എന്നാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരുവല്ല വെൺപാല സ്വദേശി രാജനെ എത്തിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു എന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിക്കുന്നു. രാത്രി 1.10 ന് രാജനെ ആശുപത്രിയിൽ എത്തിച്ചു. 1.40 നാണ് രാജൻ മരിക്കുന്നത്. അതായത്  ആശുപത്രിയിലെത്തിച്ചശേഷം 30 മിനിറ്റിനു ശേഷമാണ് മരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി എന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആംബുലൻസിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയിയും പ്രതികരിച്ചിരുന്നു

ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം, രോഗി ഗുരുതരാവസ്ഥയിലായിരുന്നു-തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട്

പത്തനംതിട്ട : തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം എന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ. ഓക്സിജൻ ലെവൽ 38 % എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക്ക്  ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത് . ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ്  മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും  തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ പറഞ്ഞു. 

ഓക്സിജൻ കിട്ടാതെ അല്ല രോഗി മരിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞു . ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ ബിജോയിയുുടെ പ്രതികരണം. രോഗി അതിഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം ഡോക്ടർ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താൻ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തിൽ അവാസ്തവം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞു.

പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ മരണത്തിലാണ് പരാതി ഉയർന്നത് . ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നായിരുന്നു പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. 
 

Follow Us:
Download App:
  • android
  • ios