പയ്യാനക്കലിലെ കുട്ടിയുടെ കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം: ബാധ ഒഴിപ്പിക്കാൻ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

By Web TeamFirst Published Jul 10, 2021, 11:32 AM IST
Highlights

കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പിൽ അമ്മ കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊന്നത്. അഞ്ചു വയസ്സുകാരി ആയിഷ റനയെയാണ് അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്.

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഇല്ലെന്ന് അമ്മയെ ചികിത്സിച്ച ഡോക്ടർ. അന്ധവിശ്വാസത്തിന്‍റെ പേരിലാണ് കുട്ടിയെ കൊന്നതെന്നും ഇതുവരെയും അമ്മ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ലെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചു. ആശുപത്രി അധികൃതർ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചുവയസ്സുകാരി ഫാത്തിമ റനയെ അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്.  മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച തന്നെ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പെലീസ് അന്വേഷണം തുടങ്ങി. നേർത്ത തൂവാലകൊണ്ടോ, തുണി കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

കുട്ടി മരിച്ച ദിവസം  ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ച അമ്മ സമീറയെ  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന്  ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. കുതിരവട്ടത്തെ  ചികിത്സയിലാണ് അമ്മയ്ക്ക്  മാനസിക വൈകല്യമില്ലെന്ന് വ്യക്തമായത്. സമീറ ഇതുവരെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ലെന്നും  അന്ധവിശ്വാസമാകാം  കൊലയ്ക്ക് കാരണമെന്നുമാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറയുന്നത്.  

പല തവണ സമീറയുമായി സംസാരിച്ചെന്നും ഇതുവരെയും മാനസികമായി വിഭ്രാന്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. സംഭവത്തിൽ പന്നിയങ്കര പൊലീസിന് ആശുപത്രി അധികൃതർ മെ‍ഡിക്കല്‍ റിപ്പോർട്ട് കൈമാറി. സമീറയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അടുത്ത ദിവസം സമീറയെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.  മരണസമയം വീട്ടിലുണ്ടായിരുന്ന ആയിഷ റനയുടെ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്തു. ചില പ്രത്യേക തരത്തിലുള്ള വിശ്വാസങ്ങൾ കുടുംബം പുലർത്തിയിരുന്നതായും സൂചനയുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!