
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുമായി സിപിഎം. പയ്യന്നൂരിൽ പാർട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചു. ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവർ മുന്നോട്ട് വെച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുർവിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല. ജൂലൈ 1, 2 തീയതികളിൽ പയ്യന്നൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളിൽ വരവ് ചിലവ് കണക്ക് റിപ്പോർട്ട് ചെയ്യും.
പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. ടി ഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെ കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി ഐ മധുസൂധനനെ പാർട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു.
നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കലുകളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കൾ വിശദീകരിച്ചത്. അതേസമയം, പി ജയരാജൻ പങ്കെടുത്ത കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലും എം പ്രകാശൻ പങ്കെടുത്ത വെള്ളൂരിലും, പണം നഷ്ടപ്പെട്ടില്ല എന്ന് വെറുതെ പറഞ്ഞാൽ പോര കണക്ക് ബോധിപ്പിക്കണമെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു.