
കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റാണെന്ന് കേരള ജനപക്ഷം സെക്കുലർ ചെയര്‍മാൻ പിസി ജോര്‍ജ്. ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കിൽ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പിസി ജോര്‍ജ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും തിരുവനന്തപുരം കാന്റോണ്മെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വപ്ന സുരേഷ് ഫയൽ ചെയ്ത ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ച് വിധി പറയുകയാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം എന്റെ അറിവ് അനുസരിച്ച് നിലവിൽ അന്വേഷണ ഘട്ടത്തിൽ ഇരിക്കുന്ന ഒരു കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കുക എന്നുള്ളത് അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ അപേക്ഷ തള്ളാനാണ് സാധ്യത കൂടുതൽ. ഞാൻ ഇത് ഇപ്പോൾ കുറിക്കുന്നത് ആ അപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളുകയാണെങ്കിൽ പിണറായി സർക്കാർ എടുത്ത നടപടി ഹൈക്കോടതി ശരിവെക്കുന്നു എന്ന് അതിന് അർത്ഥമില്ല എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്. കേസിന്റെ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ അത്തരം കാര്യങ്ങളിൽ ഒരിക്കലും കോടതി ഇടപെടാറില്ല.ഈ അവസരത്തിൽ എഫ്.ഐ.ആർ ക്വാഷ് ചെയ്യാൻ സ്വപ്ന സുരേഷ് അപേക്ഷ നൽകിയത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ നിയമപരമായ പല പരിരക്ഷകളും അവർ പ്രതീക്ഷിച്ചിണ്ടുണ്ടാകാം. ഈ കേസ് 100% കെട്ടിച്ചമച്ചതും,പിണറായി വിജയന്റെ കള്ളത്തരങ്ങൾ പുറത്തു വരാതിരിക്കാനും അതിൽ നിന്നും ശ്രദ്ധ തിരിക്കാനും വേണ്ടി മാത്രം സൃഷ്ടിച്ചതാണ് എന്ന എന്റെ നിലപാടിൽ ഒരു വ്യത്യാസവുമില്ല എന്ന് അറിയിക്കുന്നു. അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്തതിന് ശേഷം ഈ എഫ്..ഐ.ആർ ക്വാഷ് ചെയ്യാൻ ഞാനും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുന്നതാണ്. ഒരിക്കൽ കൂടി ഞാൻ എടുത്തു പറയുന്നു ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കിൽ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam