
കണ്ണൂർ: ആരോഗ്യനില മോശമായ അബ്ദുൾ നാസർ മദനിയെ കേരളത്തിലെത്തിക്കുന്നതിൽ ഇടപെടാത്തത് ചൂണ്ടികാട്ടി എൽ ഡി എഫിനെയും യു ഡി എഫിനെയും രൂക്ഷമായി വിമർശിച്ച് പി ഡി പി രംഗത്ത്. യു ഡി എഫും എൽ ഡി എഫും അബ്ദുള്‍ നാസർ മദനിയുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്ന് പി ഡി പി ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അഭിപ്രായപ്പെട്ടു. മദനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മതേതര സമൂഹവും സമുദായവും തലശ്ശേരി ബിഷപ്പിന്‍റെ വഴിയിൽ ചിന്തിച്ചാല്‍ ഉത്തരവാദിത്തം ഇടത് ഐക്യമുന്നണികള്‍ക്കായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റബര്‍ വിലയിടിവ് സംബന്ധിച്ച് കോണ്‍ഗ്രസും പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങാത്തതു കൊണ്ടാണ് ബിഷപ്പിന് അത്തരമൊരു പ്രസ്താവന നടത്തേണ്ടി വന്നതെന്നും പി ഡി പി ജനറൽ സെക്രട്ടറി ചൂണ്ടികാട്ടി.
അതേസമയം ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി ഇന്നലെ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മദനിയുടെ അപേക്ഷ സുപ്രീം കോടതി ഈ വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്നലെ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാനാണ് ഹര്‍ജിയെക്കുറിച്ച് പരാമര്‍ശച്ചത്. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്‍റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്‍റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam