തോട്ടം തൊഴിലാളികൾക്ക് മനുഷ്യാവകാശമില്ലേ? ലോക്ക് ഡൌണിലും പണിയെടുപ്പിച്ച് ഇടുക്കിയിലെ എസ്റ്റേറ്റ്

By Web TeamFirst Published Mar 25, 2020, 1:53 PM IST
Highlights

ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവർ അതെഴുതി നൽകണമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. തൊഴിലാളികളുടെ പരാതിയിയിന്മേൽ ഉപ്പുതറ
പൊലീസ്‌ തോട്ടത്തിലെത്തി ജോലി നിർത്തിവെപ്പിച്ചു. 

ഇടുക്കി: പീരുമേട് ഹെലിബറിയ എസ്റ്റേറ്റിൽ സർക്കാർ നിർദ്ദേശം ലംഘിച്ച് തൊഴിലാളികളെ ജോലിയെടുപ്പിച്ചു. ജോലി നിർത്തിവെക്കാനുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് മാനേജ്‌മെന്റ് തൊഴിലാളികളെ അറിയിച്ചത്. 850-ലധികം തൊഴിലാളികളെയാണ് മാനേജ്മെന്റ് ലോക്ക് ഡൌൺ നിർദേശം ലംഘിച്ചും പണിയെടുപ്പിച്ചത്. തോട്ടം മേഖലയിൽ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്നും, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവർക്ക് ആശ്വാസ പാക്കേജോ, വേണ്ട അരിയും പലവ്യഞ്ജനങ്ങളും നൽകണമെന്നും സർക്കാർ കർശനനിർദേശം നൽകിയിരുന്നതാണ്. 

ഇതെല്ലാം കാറ്റിൽ പറത്തി, തൊഴിലാളികളെ ലോക്ക് ഡൌണിലും ജോലി ചെയ്യിക്കുകയായിരുന്നു തോട്ടം അധികൃതർ. ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവർ അതെഴുതി നൽകണമെന്നും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. തൊഴിലാളികളുടെ പരാതിയിയിന്മേൽ ഉപ്പുതറ പൊലീസ് തോട്ടത്തിലെത്തി ജോലി നിർത്തിവെപ്പിച്ചു. 

കേരള - തമിഴ്നാട് അതിർത്തിയിൽ കൊവിഡ് ലോക്ക് ഡൌണുള്ളതിനാൽ ഊടുവഴിയിലൂടെ തേനിയിൽ നിന്ന് ഇടുക്കി പൂപ്പാറയിലെ എസ്റ്റേറ്റിലേക്ക് പോയ നാല് തൊഴിലാളികൾ കാട്ടുതീയിൽ വെന്തു മരിച്ചിരുന്നു. ഇടുക്കി പൂപ്പാറ പേത്തൊട്ടിയിലെ തേയിലത്തോട്ടത്തിൽ നിന്ന് ജോലികഴിഞ്ഞ് കാട്ടുപാതിയിലൂടെ തേനി രാസിങ്കപുരത്തേക്ക് പോയവരാണ് കാട്ടുതീയിൽപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ തോട്ടം തൊഴിലാളികളെ കേരളത്തിലേക്ക് പോകുന്നത് തമിഴ്നാട് വിലക്കിയിരുന്നു. ബോഡിമേട്ട് ചെക്ക്പോസ്റ്റിൽ പരിശോധനയുള്ളതിനാൽ കാട്ടുപാതയായ ജണ്ടാർ നിരപ്പ് വഴി അനധികൃതമായാണ് ഇവർ വന്നതും പോയതും. പത്ത് പേരാണ് ആകെ സംഘത്തിലുണ്ടായിരുന്നത്.

രാസിങ്കപുരം സ്വദേശികളായ വിജയമണി,മഹേശ്വരി,മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീയണക്കാനായത്. 

ഈ സാഹചര്യം നിലനിൽക്കുമ്പോഴും കേരള - തമിഴ്നാട് അതിർത്തിയിൽ പല എസ്റ്റേറ്റുകളിലും തൊഴിലാളികളെ പണിയെടുപ്പിക്കുകയാണെന്ന പരാതികൾ ശക്തമാണ്. കൃത്യമായി ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്നാണ് ആരോപണമുയരുന്നത്. 

Read Also: ലോക്ക് ഡൌണിൽ കർശനനടപടി: കൂട്ട അറസ്റ്റ്, വാഹനം പിടിച്ചെടുക്കും, റജിസ്ട്രേഷൻ പോകും

അതേസമയം, ഇടുക്കിയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഇന്ന് ഉത്തരവിറങ്ങി. ക്രഷറുകളുടെ പ്രവർത്തനവും നിർത്തിവെക്കണമെന്ന് കാണിച്ചാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾ കൂട്ടമായി പണിയെടുക്കുന്നത് ഒഴിവാക്കാനാണ് നടപടി. 

Read Also: 'കാസർകോട്ട് സമൂഹവ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം, സ്ഥിതി സങ്കീർണം', കളക്ടർ


 

click me!