Asianet News MalayalamAsianet News Malayalam

'കാസർകോട്ട് സമൂഹവ്യാപനം ഉണ്ടോ എന്ന് ഇന്നറിയാം, സ്ഥിതി സങ്കീർണം', കളക്ടർ

ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ആവശ്യമില്ല. അനുവാദമില്ലാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

covid 19 kasargod collector says unauthorised charity work will not be allowed
Author
Kasaragod, First Published Mar 25, 2020, 1:16 PM IST

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് സങ്കീർണ ദിവസമാണെന്ന് ജില്ലാ കളക്ടർ. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതൽ ആളുകളിൽ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയിൽ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോൾ അറിയാമെന്ന് കളക്ടർ പറഞ്ഞു. എരിയാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ ഒരാളുടെയും സന്നദ്ധ പ്രവർത്തനം ഇപ്പോൾ ആവശ്യമില്ല. സർക്കാർ അനുമതി ഇല്ലാതെ ജില്ലയിൽ സന്നദ്ധ പ്രവർത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ജില്ലയിലെ രോഗികളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. മംഗളുരു പാത അടച്ചത് കൊണ്ടാണ് തീരുമാനം. കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് അധികമായി നിയമിച്ചുവെന്നും കളക്ടർ അറിയിച്ചു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയിൽ കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂർണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചിട്ടുണ്ട്. മേൽനോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാർ വേറെയും ജില്ലയിലുണ്ട്. 

Follow Us:
Download App:
  • android
  • ios