തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടും ഇത് അനുസരിക്കാതെ മെട്രോ നഗരങ്ങളിലടക്കം ഉള്ള ജനങ്ങൾ തെരുവുകളിലേക്ക് സ്വകാര്യ വാഹനങ്ങൾ എടുത്ത് ഇറങ്ങിയ സാഹചര്യത്തിൽ പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങി. എത്ര പറഞ്ഞിട്ടും ആളുകൾ നിർദേശം അനുസരിക്കാതിരിക്കുന്നതിനാൽ, അനാവശ്യമായി പുറത്തിറങ്ങിയാൽ വണ്ടികളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നു കഴിഞ്ഞു. രാവിലെ കൊച്ചിയിൽ മാത്രം അറസ്റ്റിലായത് 200 പേരാണ്. കണ്ണൂരിൽ അറസ്റ്റിലായത് 39 പേർ. തിരുവനന്തപുരത്തും കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.

ലോക്ക് ഡൌൺ ചട്ടങ്ങൾ പാലിക്കാതിരുന്നാൽ കുടുങ്ങുമെന്ന് അധികൃതർ ആവർത്തിച്ച് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് കർശനനടപടികളിലേക്ക് തന്നെയാണ് അധികൃതർ നീങ്ങിയിരിക്കുന്നത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകൾ ശേഖരിക്കാൻ തുടങ്ങി.രണ്ട് തവണ പൊലീസ് നിർദേശം ലംഘിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കും. അറസ്റ്റും കേസും നേരിടേണ്ടി വരും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷമേ വിട്ടു നൽകൂ. 

രാജ്യമാകെ അടച്ചു, കേരളത്തിൽ ലോക്ക് ഡൗൺ രണ്ടാം ദിവസം, പക്ഷേ, ഈ നിർദേശങ്ങളൊന്നും അനുസരിക്കാൻ കേരളത്തിൽ നിരവധിപ്പേർ തയ്യാറല്ലെന്നതാണ് സംസ്ഥാനത്തെ നിരത്തുകളിലെ തിരക്ക് തെളിയിക്കുന്നത്. നിരോധനാജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പോലും സ്വകാര്യവാഹനങ്ങൾ ഇഷ്ടംപോലെ ഓടുന്നു. പലരും കയ്യിൽ സത്യവാങ്മൂലം കയ്യിൽ കരുതുന്നില്ല. പിടിക്കപ്പെടുന്ന പലരും ആശുപത്രികളിലേക്കാണ്, സാധനം വാങ്ങാനിറങ്ങിയതാണ് - എന്നിങ്ങനെ പല കള്ളങ്ങളും പറയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. കണ്ണൂരിൽ 94 പേരെയും, എറണാകുളത്ത് 200 പേരെയും അറസ്റ്റ് ചെയ്തു. കൊച്ചിയിൽ 1200 കേസെടുത്തു. കണ്ണൂരിൽ പിടിച്ചെടുത്തത് 39 വാഹനങ്ങൾ. 654 പേർക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും 21 ദിവസത്തിന് ശേഷം മാത്രമേ വിട്ടുനൽകൂ. 

പൊലീസ് നിർദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തത്. ഇന്ന് ഈ കണക്ക് കൂടുമെന്ന് ഉറപ്പാണ്. ലോക്ക് ഡൗൺ ലംഘിച്ചതിന് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ ഇന്ന് 106  കേസുകൾ രജിസ്റ്റർ ചെയ്തു. വയനാട്ടിൽ ഇന്ന് ഇതുവരെ 20 കേസുകൾ റജിസ്റ്റർ  ചെയ്ത. ഇന്നലെയും ഇന്നുമായി ആകെ ജില്ലയിൽ 127 കേസെടുത്തു. പത്തനംതിട്ടയിൽ അറുപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് 113 വാഹനങ്ങൾ പിടിച്ചെടുത്തു.

കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന ജില്ലയിലെ പ്രധാന റോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചു. ഇന്നലെ പൊലീസിന് ജനങ്ങളെ അടിച്ചോടിക്കേണ്ടിവന്നുവെങ്കിലും ഇന്ന് ജില്ലയിലെ സ്ഥിതിയിൽ മാറ്റമുണ്ട്. അവശ്യ സർവ്വീസിൽ ജോലി ചെയ്യുന്നവർക്കാണ് പാസ് നൽകാൻ തീരുമാനിച്ചത്. 

എന്നാൽ നിരവധി പേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ കൂടുതൽ വിഭാഗങ്ങൾക്ക് പാസ് വേണ്ടെന്ന് തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാരും മറ്റ് ജീവനക്കാരും, മെ‍ഡിക്കൽ ഷോപ്പ് മെഡിക്കൽ ലാബ് ജീവനക്കാർ, ആംബലുൻസ് ഡ്രൈവർമാർ, മൊബൈൽ ടവർ ടെക്നീഷ്യൻമാർ, ഡാറ്റാ സെൻറർ ജീവനക്കാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സ്, സ്വകാര്യ സുരക്ഷാ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പാചകവാതക വിതരണക്കാർ എന്നിവരെ പാസിൽ നിന്നൊഴിവാക്കി.