പെഗാസസ് വിവാദം: പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

By Web TeamFirst Published Jul 31, 2021, 7:24 AM IST
Highlights

പെഗാസസിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവാദത്തിൽ ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു

ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. പെഗാസെസ് വിവാദത്തിൽ സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ആലോചന. ഈ സമ്മേളന കാലത്ത് ഇതുവരെ പാസാക്കാനായത് അഞ്ച് ബില്ലുകൾ മാത്രമാണ്. പെഗാസസിൽ സർക്കാർ വിശദമായ ചർച്ചക്ക് തയ്യാറാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പെഗാസസിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവാദത്തിൽ ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു.  ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടിൽ ഉറച്ചായിരുന്നു ഇന്നലെയും പ്രതിപക്ഷ നീക്കം. ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യ സഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരായ 12 ക്രിമിനൽ നടപടികൾ സിവിൽ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബിൽ രാജ്യസഭ പാസാക്കി. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന ജനറൽ ഇൻഷ്വറൻസ് ഭേദഗതി ബില്ല് സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. 

അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസെന്നും പാര്‍ലമെന്‍ററികാര്യ സമിതിയിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി മറുപടി നൽകി. എന്നാൽ ആഭ്യന്തര മന്ത്രിയുടെ മറുപടി എന്ന നിലപാട് പ്രതിപക്ഷം മയപ്പെടുത്തിയില്ല.  പ്ളാക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു സര്‍ക്കാരിനെതിരെ മുദ്രാവാക്യം. കൊവിഡ് ചര്‍ച്ച ലോക്സഭയിൽ നിശ്ചയിച്ച് പെഗാസസ് ബഹളം തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കേണ്ടിവന്നു. 

click me!