
കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹർജിയില്‍ പറയുന്നത്.
അന്വേഷണ സംഘം കൃത്യമായി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചായിരുന്നു അന്വേഷണം. അന്വേഷണം എങ്ങനെ നടത്തണം എന്നത് പ്രത്യേക സംഘത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ് അതിൽ ഇടപെടുന്നതിൽ കോടതികൾക്ക് പോലും പരിധി ഉണ്ടെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാരിനായി മുൻ അഡിഷൻ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് ഹാജരായി.
കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേസ് ഫയൽ സിബിഐക്ക് പൊലീസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.
Also Read: പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്തു
കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam