പെരിയ ഇരട്ടക്കൊല: ഡിജിപിയ്‌ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Sep 9, 2020, 9:21 AM IST
Highlights

കേസ് ഡയറിയും മറ്റു രേഖകളും സിബിഐയ്‌ക്ക് കൈമാറാത്തതിന് എതിരെ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഡിജിപിയ്‌ക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറിയും മറ്റു രേഖകളും സിബിഐയ്‌ക്ക് കൈമാറാത്തതിന് എതിരെ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. സിബിഐയ്ക്ക് വിട്ട നടപടി ഡിവിഷൻ ബഞ്ച് ശരിവെച്ചിട്ടും രേഖകൾ കൈമാറുന്നില്ല എന്നാണ് ഹർജിക്കാർ കോടതിയെ അറിയിക്കും. 

2019 ഫെബ്രവരി 17നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. കേസിൽ 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയെങ്കിലും ഹൈക്കോടതി സിംഗിൾ ബഞ്ച് 2019 സെപ്റ്റംബർ 30ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബഞ്ച് സിബിഐ അന്വേഷണം ശരിവച്ചു. 

കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ല എന്നുമാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞത്. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു എന്നും അന്ന് കോടതി പറഞ്ഞു. സിബിഐയുടെ തുടരന്വേഷണത്തിന് ശേഷമേ കേസിൽ വിചാരണ നടപടികൾ തുടങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. 

പുറത്താക്കിയ സിപിഎം പ്രവര്‍ത്തകനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതിന് വീടുകയറി ആക്രമിച്ചതായി പരാതി

click me!