മലപ്പുറം: പുറത്താക്കിയ സിപിഎം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടതിന്‍റെ പേരില്‍ വീടുകയറി ആക്രമിച്ചതായി പരാതി. പി വി അൻവര്‍ എംഎല്‍എക്കെതിരെ പ്രകടനം നടത്തിയതിന് പുറത്താക്കിയ സിപിഎം പ്രവര്‍ത്തകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ വീടുകയറി ആക്രമിച്ചതായാണ് പരാതി.

പി വി അൻവര്‍ എംഎല്‍എയുടെ സ്വാധീനത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്യുന്നില്ലെന്നാണ് മലപ്പുറം പോത്ത്കല്ല് സ്വദേശി മുജീബ് റഹ്മാന്‍റെ പരാതി. പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് നിയമസഭാ തെരെഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പി വി അൻവറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെതിരെ മുജീബിന്‍റെ സുഹൃത്ത് ഷംസുദ്ദീൻ അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ പോത്തുകല്ലില്‍ പ്രകടനം നടത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് പുറത്താക്കിയ മൂന്നു പേരില്‍ ഷംസുദ്ദീൻ ഒഴികെയുള്ളവരെ പിന്നീട് സിപിഎം തിരിച്ചെടുത്തു. ഷംസുദ്ദീനെ മാത്രം തിരിച്ചെടുക്കാത്തത് ചോദ്യം ചെയ്തതിനാണ് സിപിഎം അനുഭാവിയായ തന്നെ വീടു കയറി ആക്രമിച്ചതെന്ന് മുജീബ് ആരോപിച്ചു.

ആക്രമണത്തില്‍ ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പി വി അൻവര്‍ എംഎല്‍എയുടെ സ്വാധീനത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോത്ത്കല്ല് പൊലീസ് സ്വീകരിക്കുന്നതെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

എസ്പിക്കും മുജീബ്റഹ്മാൻ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പി വി അൻവര്‍ എംഎല്‍എയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് സിപിഎം പോത്ത്കല്ല് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സഹീര്‍ പറഞ്ഞു. വീട് കയറി ആക്രമിച്ചത് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ഉത്തരവാദികളായ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.