Asianet News MalayalamAsianet News Malayalam

'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമർശം റിമാൻഡ് റിപ്പോർട്ടിൽ  

ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

popular front tried to assassinate pm narendra modi allegations in enforcement directorate remand report
Author
First Published Sep 24, 2022, 7:02 AM IST

ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ ദില്ലിയിൽ നിന്നുള്ള പർവ്വേസ് അഹമ്മദ്, മൊഹമ്മദ് ഇല്ല്യാസ്, അബ്ദുൾ മുഖീത് എന്നിവരും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണ്. 2018 മുതൽ അന്വേഷണം ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. ഇതിൽ ഷഫീഖിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഇഡി ഉന്നയിക്കുന്നത്. 

പൊലീസും കേന്ദ്ര ഏജന്‍സികളും പിന്നാലെ; പോപ്പുലര്‍ ഫ്രണ്ട് ഉന്നത നേതാക്കള്‍ മുങ്ങി

ജൂലൈയിൽ ബീഹാറിലെ പറ്റ്നയിൽ വെച്ച് നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം  നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലുള്ള നാല് പേരെയും കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. തെലങ്കാനയിൽ പിഎഫ്ഐക്കായി പണം വന്നതിൻറെ രേഖകൾ കിട്ടിയതായി എൻഐഎയും പറയുന്നു. തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ച് അക്കൗണ്ട് പിഎഫിഐ പ്രവർത്തർ കൈകാര്യം ചെയ്യുന്നതായിരുന്നു രീതി. പിഎഫ്ഐ നിരോധനം ആലോചനയാകുമ്പോഴാണ് മോദിയെ വധിക്കാൻ പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണം കോടതിയിൽ കേന്ദ്ര ഏജൻസി ഉന്നയിക്കുന്നത്. 

അതിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

'പ്രത്യേക സമുദായക്കാരുടെ ഹിറ്റ്‍ലിസ്റ്റ് തയാറാക്കിയിരുന്നു', പിഎഫ്ഐ പ്രവർത്തകരെ കസ്റ്റ‍ഡിയിൽ വേണമെന്ന് എൻഐഎ

 

Follow Us:
Download App:
  • android
  • ios