കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദത്തിൽ മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രി നൽകിയത്. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്.

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാൽ കൗൺസിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കിൽ ഡിവൈഎഫ്ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. എന്നാൽ സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോർപ്പറേഷന്റെ ആരോപണം.

ആദ്യം കുടിവെള്ളക്ഷാമം, പിന്നെ പാർക്കിംഗ് ഫീ പ്രശ്നം- ഇപ്പോൾ മാലിന്യ നീക്കം. പൊങ്കാല കഴിഞ്ഞ രാത്രി തന്നെ, നഗരം ക്ലീൻ ക്ലീനാക്കിയെന്നായിരുന്നു കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദം. പക്ഷേ പലയിടങ്ങളിലും മാലിന്യനീക്കം പൂർത്തിയായിട്ടില്ല. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഇപ്പോഴും മാലിന്യം നിറഞ്ഞുകവിഞ്ഞു കിടക്കുന്നുണ്ട്. മാലിന്യ നീക്കം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി കൗൺസിലർ ശ്രുതിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയണെന്നും ആക്ഷേപമുണ്ട്. എന്നാൽ ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് മേയറുടെ പ്രതികരണം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കാത്തത് എന്താണെന്ന് പരിശോധിക്കുമെന്നും മേയർ പറയുന്നു.

ഉദ്യോഗസ്ഥരിൽ ചിലർ ഒത്തുകളിച്ചെന്നും ആരോപണമുണ്ട്. പൊങ്കാലയ്ക്ക് മുമ്പ് ക്ഷേത്രപരിസരത്ത് മനപൂർവ്വം കുടിവെള്ളക്ഷാമമുണ്ടാക്കിയെന്ന് ബിജെപി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ ബിജെപി അനാവശ്യ വിവാദങ്ങൾ ശ്രമിച്ചെന്നായിരുന്നു പൊങ്കാല കഴിഞ്ഞയുടൻ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. പതിവില്ലാത്ത വിധം മാലിന്യനീക്കം പൂർത്തിയാകാതിരുന്നത് ആയുധമാക്കുകയാണ് ഇപ്പോൾ സിപിഎം.

YouTube video player