Doctors Strike: പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

By Web TeamFirst Published Dec 7, 2021, 10:02 PM IST
Highlights

നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെയായിരുന്നു സമരം. പിജി അഡ്മിഷൻ വൈകിയത് കാരണം ഉണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും ആണ് സമരത്തിന് കാരണമായത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ - അക്കാദമിക് റെസിഡന്റ് ഡോക്ടർമാരെ നൽകാമെന്ന സർക്കാർ നിർദേശം അംഗീകരിച്ചു. ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കും എന്ന ഉറപ്പാണ് മന്ത്രി നൽകിയിരിക്കുന്നത്. 

നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെയായിരുന്നു സമരം. പിജി അഡ്മിഷൻ വൈകിയത് കാരണം ഉണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും ആണ് സമരത്തിന് കാരണമായത്. 

ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ച കൂടി നീട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടർന്നാണ് സുപ്രീം കോടതി അലോട്ട്മെന്‍റ് നീട്ടിയത്. ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും സമരം നടന്നത്. ഒപി ബഹിഷ്കരണം തുടങ്ങിയതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമുണ്ടായി.

click me!