
കോഴിക്കോട്: ചോല നായ്ക്കർ എന്നാണ് അവരുടെ കുലപ്പേര്. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉൾക്കാടുകളിൽ ജീവിക്കുന്ന ആദിവാസികൾ. 21ാം നൂറ്റാണ്ടിലും ഗുഹാവാസികളാണെന്നതാണ് ഇവരുടെ പ്രത്യേകത. കാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ജീവിക്കുന്നവർ, പൊതുസമൂഹത്തിന് ഇന്നും പിടിതരാത്തവർ. ഒരു ഫോട്ടോയുടെ ക്രെഡിറ്റ് ലൈനിൽ അജീബ് കോമാച്ചിയെന്ന പേര് മലയാളിക്ക് പുതിയതല്ല. ഫോട്ടോയിൽ എങ്ങനെ ജീവിതം കൊണ്ടുവരാമെന്ന് തെളിയിച്ച ഫോട്ടോഗ്രാഫർ. അദ്ദേഹം തന്റെ കാമറകളുമായി ചോലനായ്ക്കരുടെ ജീവിതത്തിനൊപ്പം വർഷങ്ങൾ നടന്ന് പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോൾ അതിന് നൽകിയ പേര് ചോല നായകർ എന്നാണ്. ബുധനാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് ആർട് ഗാലറിയിലാണ് പ്രദർശനം ആരംഭിക്കുന്നത്.
ചിത്രങ്ങളിലൂടെ കണ്ണോടിക്കുകയോ മനസ്സോടിക്കുകയോ ചെയ്യരുത്. കണ്ണും മനസ്സും ചിത്രങ്ങളിൽ ഉറപ്പിക്കണം. ഒരു ജനതയെ എന്തു കൊണ്ടാണ് ഫോട്ടോഗ്രാഫർ നായകർ എന്നു വിളിച്ചതെന്ന് അപ്പോൾ നമുക്ക് ബോധ്യപ്പെടും. ചോല നായ്ക്കരുടെ ജീവിതം എങ്ങനെയെന്ന് പറയുന്ന നിരവധി ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അവരുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെ അജീബ് കോമാച്ചിയുടെ ലെൻസുകൾ സൂം ചെയ്തിരിക്കുന്നു. ഫെയ്ഡ് ഔട്ടുകളിലും ഫെയ്ഡ് ഇന്നുകളിലുമെല്ലാം നിറയുന്നത് കാടിന്റെ മക്കളുടെ ജീവിതം. ഒരു പകലോ രാത്രിയോ അല്ല, വർഷങ്ങളാണ് കോമാച്ചി ഇവരുടെ ചിത്രങ്ങൾക്കായി കൊടും കാടു കയറിയത്. അതുകൊണ്ട് തന്നെ ഒരു മാലയിൽ കോർത്തെടുക്കുന്നതു പോലെ ചോലനായ്ക്കരുടെ ജീവിതം ഓരോ ഫ്രെയിമിലും തെളിയുന്നു. ജീവൻ തുടിക്കുന്ന ചിത്രങ്ങൾ എന്ന വിശേഷണം ക്ലീഷേ ആണെങ്കിലും അങ്ങനെ പറയാതിരിക്കാനാവില്ല. ഓരോ ചിത്രങ്ങളും ചോദ്യങ്ങളാണ്, ഉത്തരങ്ങളാണ്, അത്ഭുതമാണ്.
പ്രദർശനം 16 വരെ നീളും. ലളിതകല അക്കാദമി സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം ചോലനായ്ക്കർ വിഭാഗത്തിലെ യുവാക്കളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച അജീബ് കൊമാച്ചിയുടെ ക്യാമറാ യാത്രകള്‍
ഇതു കണ്ടാല്‍ ആരും പറയും, നാമെത്ര ഭാഗ്യവാന്‍മാര്‍!
ആ ഫലസ്തീന്‍ കുട്ടി ചോദിച്ചു: 'നാട്ടില്‍ ചെന്നാല്‍ ഷാരൂഖ് ഖാനോട് ഞങ്ങളുടെ അന്വേഷണം അറിയിക്കാമോ?'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam