'അഭയയുടെ കഴുത്തില്‍ നഖം കൊണ്ട മുറിവുണ്ടായിരുന്നു'; വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫര്‍

By Web TeamFirst Published Dec 22, 2020, 9:01 AM IST
Highlights

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെറ്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടായിരുന്നുവെന്ന് പൊലീസിന് വേണ്ടി ഫോട്ടോയെടുത്ത ചാക്കോ വര്‍ഗീസ്. ഈ ഫോട്ടോകളും നെഗറ്റീവുമടക്കം പിന്നീട് നശിപ്പിക്കപ്പെട്ടു. കേസ് അദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഫോട്ടോ നശിപ്പിച്ചതെന്നും ചാക്കോ വര്‍ഗീസ് പറയുന്നു. അഭയ കേസിലെ പ്രോസിക്യൂഷൻ ഏഴാം സാക്ഷിയാണ് ചാക്കോ.  1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെറ്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സിബിഐ കേസ്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പ്രതികളെ കോണ്‍വെന്‍റിന്‍റെ കോമ്പൗണ്ടിൽ കണ്ടുവെന്നാണ് മൂന്നാം സാക്ഷി രാജുവിന്‍റെ നിർണായക മൊഴി. പ്രോസിക്യൂഷൻ വിസ്തരിച്ച 49 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. അഭയ കൊല്ലപ്പെട്ട 28 വർഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറയുന്നത്.

click me!