
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തിലെ വകുപ്പ് തല നടപടി വിശദീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഡി ജി പി നടപടി സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കമുള്ള 5 പേരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വിശദമായ റിപ്പോർട്ടിൽ അജിത് കുമാറിന്‍റെ പേര് വന്നാൽ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'രക്ഷാ പ്രവർത്തനം' എന്ന് വിശേഷിപ്പിച്ച ആലപ്പുഴ സംഭവത്തിൽ, ആദ്യത്തെ കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല പ്രതികരിച്ചത്.
അതേസമയം കേസ് ഡയറി തിരുത്തലിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എ ഡി ജി പി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ് ഐ ടി രേഖപ്പെടുത്തുക. കെ എസ് യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ കേസ് ഡയറി തിരുത്തലിലാണ് എ ഡി ജി പിക്കെതിരെ അന്വേഷണം നടക്കുന്നത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്ന് എഴുതിയ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയതെന്നാണ് ആരോപണം. കേസ് ഡയറി പെൻഡ്രൈവിലാക്കി എ ഡി ജി പി അജിത് കുമാറിൻ്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. ഗൺമാൻ അനിൽ കല്ലിയൂർ അടക്കമുള്ളവർ പ്രതിഷേധക്കാരെ എങ്ങനെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറഞ്ഞിരുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. ഇവരെ പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്നും വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി, ലാത്തി പൊലുള്ള ആയുധം ഉപയോഗിച്ച് അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുണ്ടായിരുന്നത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് അരുണാണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ. തിരുത്തും മുമ്പുള്ള ഡയറിയ പെൻഡ്രൈവിലാക്കി എ ഡി ജി പിയുടെ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam