ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്നും ബേബി
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന സമീപനം പാടില്ല. പാർട്ടി തിരിച്ചടി നേരിടുന്ന ഈ സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും കേരളത്തിലെ പ്രസ്താവനകൾ അവിടെ ചർച്ച ചെയ്ത് നിലപാടെടുക്കുമെന്നും എംഎ ബേബി ദില്ലിയിൽ പറഞ്ഞു. അതേസമയം, ദില്ലിയിൽ കേന്ദ്ര കമ്മിറ്റി യോഗം തുടരുകയാണ്.
പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നും കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളെല്ലാം ദില്ലിയിൽ തുടരുകയാണ്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പിണറായി വിജയനെതിരെ വിമർശനം ശക്തമാവുന്നതാണ് കാണുന്നത്. അതേസമയം, സിസിയിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുകയാണ്. ആയുർവ്വേദ ചികിത്സയുടെ പേരു പറഞ്ഞ് അവധിക്ക് അപേക്ഷിച്ചെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സിസിയിൽ നിന്നുള്ള വിട്ടുനിൽക്കൽ. അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രംഗത്തെത്തി. എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.


