
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഇത് കാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുകയാണ്. മറ്റ് പല സംസ്ഥാനങ്ങൾക്കും പണം അനുവദിച്ചിട്ടും കേരളത്തെ മാത്രം മാറ്റി നിര്‍ത്തുന്നതിൽ കാരണം വ്യക്തമാണെന്നും മുഖ്യമന്ത്രി കാസര്‍കോട്ട് പറഞ്ഞു.
രണ്ട് തവണ പ്രളയത്തെ അതിജീവിച്ച കേരളത്തിന് പ്രളയസഹായം പോലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പ്രളയാനന്തര സാഹായ വാഗ്ദാനങ്ങൾ പോലും കേന്ദ്രം ഇടപെട്ട് മുടക്കി. കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൊഴിലുറപ്പ് കൂലി പോലും കേന്ദ്രം നൽകുന്നില്ല
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. എഴുപത് വര്‍ഷത്തിനിടെയുണ്ടായ വലിയ പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമൊട്ടാകെയുള്ള സാമ്പത്തിക പ്രതിസന്ധി കേരളത്തേയും ദോഷകരമായി ബാധിക്കുകയാണ്. സംസ്ഥാനത്തും അതിന്‍റെ പ്രയാസങ്ങൾ ഉണ്ട്. കേന്ദ്ര നയം ഇതാണെങ്കിൽ പ്രതിസന്ധി ഇനിയും കൂടാനാണ് സാധ്യതയെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam