കോഴിക്കോട് ബൈക്ക് യാത്രക്കാരനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. കയ്യാങ്കളിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഇന്ന് രാത്രിയോടെയാണ് സംഭവം

കോഴിക്കോട്: കോഴിക്കോട് ബൈക്ക് യാത്രക്കാരനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. കയ്യാങ്കളിയുടെ ദൃശ്യങ്ങളും പുറത്തുവന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഇന്ന് രാത്രിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ ബസ് ഇടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദനമെന്നാണ് യുവാവിന്‍റെ പരാതി. കോഴിക്കോട് ജോലി ചെയ്യുന്ന എറണാകുളം പിറവം സ്വദേശി അശ്വിനാണ് മർദ്ദനമേറ്റത്. മര്‍ദനമേറ്റ യുവാവ് പൊലീസിൽ പരാതി നൽകി. ബസ് തട്ടി ബൈക്കിന്‍റെ പിൻഭാഗത്തെ ഇന്‍ഡിക്കേറ്റര്‍ അടക്കം പൊട്ടിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന് മുന്നിൽ ബൈക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഇതിനിടെ ബസ് വരുകയായിരുന്നുവെന്നുമാണ് അശ്വിൻ പറഞ്ഞത്. 

ബൈക്ക് മാറ്റാനുള്ള സമയം പോലും തരാതെ തന്നെയും ബൈക്കിനെയും തട്ടിയിട്ടശേഷം പോവുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്യാനായി സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു അകാരണമായ മര്‍ദനമെന്നുമാണ് അശ്വിൻ പറയുന്നത്. അശ്വിന്‍റെ സുഹൃത്താണ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബൈക്കിൽ താക്കോലിട്ട് മുന്നോട്ട് എടുക്കാനുള്ള സമയം പോലും നൽകാതെ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും അശ്വിൻ പറയുന്നു. ബൈക്ക് തട്ടിയിട്ട കാര്യം പറയാനായി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് അശ്വിനെ ഡ്രൈവര്‍ മര്‍ദിച്ചതെന്നാണ് പരാതി. ഡ്രൈവര്‍ അശ്വിനുമായി തര്‍ക്കിക്കുന്നതിന്‍റെയും മര്‍ദനത്തിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റു ജീവനക്കാര്‍ തടയാൻ ശ്രമിച്ചതല്ലാതെ തനിക്ക് വേണ്ടി സംസാരിച്ചില്ലെന്നും അശ്വിൻ പറയുന്നു.