പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. പിജെ കുര്യന്‍ നിലപാട് മാറ്റിയതും മറ്റ് നേതാക്കള്‍ ഒഴിഞ്ഞുമാറുന്നതും അനിശ്ചിതത്വത്തിന് തെളിവ്

കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടാതെ കോണ്‍ഗ്രസ്. രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെ നിലപാട് പറഞ്ഞ മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് മല്‍സരിക്കാമെന്ന് പിന്നീട് തിരുത്തി. ഇത് പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് തെളിവായി. വീണ്ടും മല്‍സരിക്കാനുളള സാധ്യത തള്ളിക്കളയാതെയായിരുന്നു ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും പ്രതികരണം.

മണിക്കൂറുകളുടെ ഇടവേളയിലാണ് പിജെ കുര്യൻ നിലപാട് മാറ്റിയത്. പെരുന്നയില്‍ കുര്യന്‍റെ കാതില്‍ രാഹുല്‍ പറഞ്ഞ രഹസ്യമെന്തെന്ന് വ്യക്തമല്ല. എങ്കിലും തന്നെ ഉപദ്രവിച്ചാല്‍ തനിക്കും പലതും പറയേണ്ടി വരുമെന്ന ഭീഷണി കലര്‍ന്ന മുന്നറിയിപ്പിലാണ് മുതിര്‍ന്ന നേതാവ് നിലപാട് മാറ്റിയതെന്നാണ് കോണ്‍ഗ്രസിലെ അണിയറ വര്‍ത്തമാനം. പക്ഷേ രാഹുലും കുര്യനും ഈ ആരോപണം പരസ്യമായി തളളിക്കളയുന്നു.

പാര്‍ട്ടിക്ക് പുറത്തായ രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു നോ പറയാന്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിക്കും സാധിച്ചില്ല. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും ചോദ്യത്തോട് ഒഴിഞ്ഞുമാറി. പാര്‍ട്ടിക്കു പുറത്തായ ആളെ കുറിച്ചുള്ള ചര്‍ച്ച തന്നെ അനാവശ്യമെന്നായിരുന്നു മുരളീധരന്‍റെ മറുപടി.

രാഹുലിനെതിരെ സ്വീകരിച്ച കടുത്ത നിലപാടിൽ വി.ഡി.സതീശന്‍ മാറ്റംവരുത്തിയിട്ടില്ല. എങ്കിലും ലൈംഗിക ആരോപണങ്ങളിലെ കേസുകളുടെ ഭാവി നോക്കിയ ശേഷം രാഹുലിനെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മതിയെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. സീറ്റില്ലെന്ന് ഇപ്പോഴേ തറപ്പിച്ചു പറഞ്ഞാല്‍ സൈബര്‍ ഇടപെടലിലൂടെ രാഹുല്‍ മാങ്കൂട്ടത്തിൽ വാദികള്‍ നടത്തിയേക്കാവുന്ന ആക്രമണവും ഉറച്ച നിലപാട് പറയുന്നതില്‍ നിന്ന് നേതാക്കളെ പിന്തിരിപ്പിക്കുന്നു.