ജി എസ് ടി നിരക്ക് ഘടനാ പരിഷ്ക്കരണം: സംസ്ഥാനത്തിന് ആശങ്ക, പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി

Published : Aug 27, 2025, 02:50 PM IST
gst kerala

Synopsis

ജിഎസ്ടി നിരക്ക് ഘടന പരിഷ്ക്കരിക്കുന്നത് സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. 

തിരുവനന്തപുരം : രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ യോഗം ഉടന്‍ ചേരുമെന്നാണ് മനസ്സിലാക്കുന്നത്. ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കുമ്പോള്‍ വരുമാന നഷ്ടം നേരിടുന്ന സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50 : 50 എന്ന നിരക്ക് വിഭജനം, സംസ്ഥാനങ്ങളുടെ വരുമാനക്കുറവിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവശ്യവസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്‍റെ നികുതി ഭാരം കുറയ്ക്കാന്‍ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാര്‍ഹമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ദരിദ്രര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് പുനഃപരിശോധിച്ചതുമൂലം വിലയിലുണ്ടായ കുറവ് ഉപഭോക്താക്കള്‍ക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാമൂഹിക - സാമ്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ വരുമാന സമാഹരണ അധികാരങ്ങള്‍ മാത്രമേയുള്ളു. നിലവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങള്‍ സമാഹരിക്കുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ജി.എസ്.ടി നിരക്ക് പരിഷ്ക്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ വരുമാന ശേഖരണ ശേഷിയെ കൂടുതല്‍ ദുര്‍ബലമാക്കും.

അതുകൊണ്ട് ജി.എസ്.ടി നിരക്ക് പുനഃപരിശോധിക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം