
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർത്ഥ്യമായി. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യ ഘട്ട ജലപാതയുടെ ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫ്രൻസിംഗിലൂടെനിർവ്വഹിച്ചു. കൊച്ചിയിലെ ദ്വീപുകൾ നഗര മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത മാസമാണ് വാട്ടർ മെട്രോ സർവ്വീസ് തുടങ്ങുക. നഗരത്തിന്‍റെ മുഖച്ഛായ മാറ്റിയ കൊച്ചി മെട്രോയ്ക്ക് പിന്നാലെയാണ് കൊച്ചിയുടെ വികസന കുതിപ്പിന് കരുത്തേകാൻ ഇനി വാട്ടർ മെട്രോയും ആരംഭിക്കുന്നത്. നാവിക സേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ വാട്ടർ മെട്രോ അടുത്ത മാസമാണ് ജനങ്ങൾക്ക് തുറന്ന് കൊടുക്കുക.
കൊച്ചി മെട്രോയ്ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടു ജെട്ടികളാണ് വാട്ടർ മെട്രോയ്ക്കും ഒരുങ്ങുന്നത്. 100 പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. തുടക്കത്തിൽ 5 ബോട്ടുകളാണ് സർവ്വീസ് നടത്തുക. ഹൈക്കോടതി ജംങ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. ഏതാണ്ട് 80 കിലോമീറ്റർ ദൈർഘ്യത്തിൽ 15 വ്യത്യസ്ത ജലപാതകളിലായി ഒരു വർഷത്തിനുള്ളിൽ 38 ബോട്ടുജെട്ടികളാണ് സജ്ജമാക്കുന്നത്.
ഒരേ സമയം എട്ട് ബോട്ടുകൾക്ക് വരെ അറ്റകുറ്റപണി ചെയ്യാവുന്ന ബോട്ട് യാഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമാകും. സമാർട്ട് സിറ്റി ഉൾപ്പടെയുള്ള ഇടങ്ങളിലൂടെ കടന്ന് പോകുന്ന വാട്ടർമെട്രോ കൊച്ചിയ്ക്ക് വാണിജ്യപരമായും ഉണർവ് നൽകും. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുട്ടി പാലത്തിൻ്റെയും കൊച്ചി കനാൽ നവീകരണ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam