അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല; രവീന്ദ്രനെ വിശ്വാസമാണെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 5, 2020, 7:19 PM IST
Highlights

പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന്‍ വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍‌ത്തിച്ച് വന്ന ആളാണ്. രവീന്ദ്രനില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസമാണെന്ന് മുഖ്യമന്ത്രി.
 

തിരുവനന്തപുരം: തന്‍റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎം രവീന്ദ്രന്‍ വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍‌ത്തിച്ച് വന്ന ആളാണ്. ദീര്‍ഘകാലമായി ഞങ്ങളുമായി പ്രവര്‍ത്തിച്ച ആളാണ്. അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല. അതുകൊണ്ട് അയാള്‍ അയാളല്ലാതെ ആകുന്നില്ല. രവീന്ദ്രനില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ചിലര്‍ക്ക് ചില മോഹങ്ങളുണ്ടാകും, ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതിനപ്പുറം വലിയ കഴമ്പ് ഈ ആരോപണങ്ങളില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.   അന്വേഷണ ഏജന്‍സിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിന് അവര്‍ വിളിച്ചു എന്നേ കരുതുന്നൊള്ളൂവെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.  എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി.

click me!