
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാൻമാരുടെ കറക്കം. രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽകുമാറും സന്ദീപുമാണ് ഔദ്യോഗിക വാഹനത്തിൽ കറങ്ങിയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്നലെ പത്തനാപുരത്ത് വെച്ച് അനിൽ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിപി നിർദ്ദേശം നൽകി.
പിണറായി വിജയനൊപ്പം 20 വർഷത്തിലധികമായി ഗണ്‍മാനായി ജോലി ചെയ്തിരുന്ന അനിൽകുമാർ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവർത്തകരെ തല്ലി ചതച്ച കേസിലാണ് സസ്പെൻഷനിലാണ്. ഈ കേസിൽ സന്ദീപും സസ്പെൻഷനിലാണ്. ഈ രണ്ടുപേരുമാണ് പിണറായിയുടെ എസ്കോർട്ട് വാഹനത്തിൽ ഇന്നലെ കറങ്ങിയത്. അനിലും സന്ദീപും ഇന്നലെ പത്താനുപുരത്ത് വാഹനത്തിൽ നിന്നുമിറങ്ങി കരിക്ക് കുടിച്ചപ്പോഴാണ് നാട്ടുകാർ കാണുന്നത്. KL 01 CH 6749 എന്ന നമ്പറിലെ ഇന്നോവാ ക്രിസ്റ്റ കാറാണ് പിണറായി എസ്കോർട്ട് വാഹനമായി അനുവദിച്ചിരിക്കുന്നത്. ഈ കാറിലാണ് സസ്പെൻഷനിലുള്ള പൊലിസുകാർ യാത്ര ചെയ്തത്. ഇന്നലെ ഉച്ചയോടെ സസ്പെൻഷനിലുള്ളവരുടെ കറക്കം ഇൻറലിജൻസ് അറിഞ്ഞിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ദുരൂഹമായ യാത്രയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്നലെ പിണറായിക്ക് എറണാകുളത്ത് ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞാണ് വാഹനം പുറത്തേക്ക് പോയിരിക്കുന്നത്.
പിണറായി ട്രെയിനിലെത്തുമ്പോള്‍ അകമ്പടി വാഹനം മുൻകൂട്ടി പോകുന്നുവെന്ന് പറഞ്ഞാണ് പോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവിന് എറണാകുളത്ത് പരിപാടി ഉണ്ടായിരുന്നില്ല. ഔദ്യോഗിക കാറിൽ സസ്പെൻഷനിലുള്ള പൊലീസുകാർ കറങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് പൊലീസ് ഡ്രൈവാറാണ്. ഇന്നലെ ഉച്ചയോടെ വാഹനം തിരുവനന്തപുരത്ത് തിരികെയെത്തി. പൊലീസുകാരുടെ സ്വകാര്യ ആവശ്യത്തിന് വാഹനം ഉപയോഗിച്ചിട്ടുണ്ടോ, പിണറായിയുടെ കോടതി കേസുമായി ബന്ധപ്പെട്ട് ഇവർ യാത്ര ചെയ്തതോ എന്നൊക്കെയാണ് അന്വേഷിക്കുന്നത് സസ്പെൻഷിലുള്ള പൊലീസുകാർ പിണറായിയുടെ വീട്ടിൽ തുടരുന്നുണ്ട്. ഇതുകൂടാതെയാണ് എസ്കോർട്ട് വാഹനത്തിൽ ആരെയും കൂസാതെയുള്ള കറക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam