
തിരുവനന്തപുരം: കേന്ദ്ര നീക്കങ്ങൾക്കും ഇഡിക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഡിക്കെതിരെ രംഗത്തെത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിധി ദുരുപയോഗം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കേസിൽ കുടുക്കാനാണ് നീക്കം നടക്കുന്നത്. ഇഡിക്കെതിരെ സർക്കാർ അപ്പീലിന് പോകണമായിരുന്നുവെന്നും, കോടതി നിലപാടും ഇത് ശരിവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ തുറന്ന് കാട്ടാൻ നാളെയും മറ്റന്നാളുമായി രണ്ട് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് സെമിനാർ സംഘടിപ്പിക്കുക. ഇഡിയെ ഉപയോഗിച്ച് ഏത് സർക്കാരിനെയും വീഴ്ത്താമെന്നതാണവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനും ബിജെപി വിരുദ്ധ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും കേന്ദ്ര സർക്കാർ നീക്കം നടത്തുകയാണെന്നും ഇലക്ഷൻ കമ്മീഷൻ ആർഎസ്എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ കൂട്ടായ്മയാണ് ഭാവി ഇന്ത്യയുടെ ഗ്യാരണ്ടി. ദേശീയതലത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സംസാരിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഇടത് വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. കേസിൽ സിപിഐ നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്നും എന്നാൽ ഇഡിക്കെതിരെയുള്ള പൊതു രാഷ്ട്രീയ നിലപാടിൽ അവർ ഉറച്ചുനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്ന് വന്നവർക്ക് ചിലപ്പോൾ നാക്കുപിഴ സംഭവിച്ചേക്കാമെന്നും ഡോ. സരിൻ നടത്തിയ പരാമർശങ്ങൾ അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.നെടുമ്പാശേരി അപകടക്കേസിൽ പൊലീസ് വളരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയത്. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ കടുത്ത അക്രമം നടത്തുന്ന പൊലീസ്, മൂന്ന് യുവജനങ്ങളുടെ മരണത്തിനിടയാക്കിയ അപകടക്കേസിൽ എഫ്ഐആറിൽ പ്രതികളുടെ പേരോ മദ്യപിച്ച വിവരമോ ചേർത്തിട്ടില്ലെന്നും മരിച്ച കുട്ടികളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിനെ മാറ്റിയത് അച്ചടക്ക നടപടിയല്ലെന്നും സംഘടനാ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം കൂടി പങ്കെടുത്ത ചർച്ചയിലാണ് ഏകകണ്ഠമായി തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതികളൊന്നും പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ലെന്നും ഒരു പരാതിക്കാരിയും തന്നെ വന്ന് കണ്ടിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച് ജില്ലാ വിപുലീകൃത കമ്മിറ്റികൾ പൂർത്തിയായ ശേഷം പൊതുവായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam