
കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍റെ വിവാദ പരാമര്‍ശത്തിൽ മറുപടിയുമായി വെൽഫയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേർണിറ്റി വിദ്യാർത്ഥി യുവജന റാലിയിൽ സംസാരിക്കുകയായിരുന്നു ഹമീദ് വാണിയമ്പലം. എ കെ ബാലൻ നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചു നടത്തിയ വംശീയ പ്രസ്താവനയാണെന്നും മാറാട് കലാപത്തിൽ സിപിഎമ്മിൽ നിന്നും 63 ആളുകൾ പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. എന്നാൽ, സിപിഎം അതിൽ നേതൃത്വം വഹിച്ചുവെന്ന് ആരും പറയാനില്ലെന്നും അധികാര തുടർച്ചക്കുള്ള കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ രൂപം കൊടുക്കുന്നതെന്നും പിണറായി വിജയൻ ബാലൻ പറഞ്ഞതിനെ ശരിവെച്ചുവെന്നും മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ പ്രസ്താവനയാണ് ബാലന്‍റേതെന്നും ഹമീദ് വാണിയമ്പലം ആരോപിച്ചു. ആര്‍എസ്എസും പിണറായിയും തമ്മിൽ ധാരണ നിലനില്‍ക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി യെ നാല് സീറ്റുകളിൽ വിജയിപ്പിക്കാൻ സിപിഎം തയ്യാറാകും. തിരിച്ചു തുടർ ഭരണം ഉറപ്പിക്കാൻ ബിജെപി സിപിഎമ്മിനെയും സഹായിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള ധാരണയെന്നും ഹമീദ് വാണിയമ്പലം ആരോപിച്ചു. ഇസ്ലാമോഫോബിയ ഉണ്ടാക്കി യുഡിഎഫിനെ അധികാരത്തിൽ നിന്നും അകറ്റി നിർത്താനാണ് സിപിഎം ശ്രമം. ബിജെപി തുടങ്ങി വെച്ച കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. മോദിയുടെ വംശീയ പ്രസ്താവനയാണ് എ കെ ബാലനും നടത്തുന്നത്. ആർ എസ് എസും പിണറായിയും മുസ്ലിം വിദ്വേഷ രാഷ്ട്രീയത്തിലൂടെ കേരളം പങ്കിട്ടെടുക്കാൻ ശ്രമിക്കുകയാണ്. ഇതൊക്കെ മനസ്സിലാക്കി പരാജയപ്പെടുത്താൻ കഴിയുന്ന സമൂഹമാണ് മുസ്ലിം സമൂഹം. പിണറായി -ആർ എസ് എസ് പദ്ധതി തകർക്കുന്ന ദൗത്യം വെൽഫയർ പാർട്ടി ഏറ്റെടുക്കുകയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട് മാപ്പ് പറയാനില്ലെന്നാണ് സിപിഎം നേതാവ് എ കെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ജമാ അത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസ് വസ്തുതാപരമല്ലെന്നു പറഞ്ഞ ബാലന്‍ പരാമര്‍ശത്തിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു. എല്‍ ഡി എഫ് വന്നാലെ മതസൗഹാര്‍ദം നിലനില്‍ക്കുവെന്ന അര്‍ത്ഥത്തിലാണ് മാറാട് കലാപം പരാമര്‍ശിച്ചതെന്നാണ് എകെ ബാലന്‍റെ വിശദീകരണം.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ വാക്കുകള്‍. പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാ അത്തെ ഇസ്ലാമി ബാലന് വക്കീല്‍ നോട്ടീസയച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam