Pink police : പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍

Web Desk   | Asianet News
Published : Dec 06, 2021, 07:09 PM IST
Pink police : പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍

Synopsis

അതേ സമയം കേസില്‍ അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്ന് രംഗത്ത് എത്തി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. 

കൊച്ചി: പിങ്ക് പൊലീസ് കേസിൽ (Pink police) പൊലീസുകാരിയുടെ മാപ്പ് സ്വീകരിക്കില്ലെന്ന് അപമാനിക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസുകാരിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അഭിപ്രായമെന്നും ജയചന്ദ്രൻ പ്രതികരിച്ചു. തനിക്കും മൂന്ന് കുട്ടികളുണ്ട്, പെൺകുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകൻ മുഖാന്തിരം ഇന്ന് ഹൈക്കോടതിയെ (High Court) അറിയിച്ചിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരാണ് എന്ന നിലപാടിലായിരുന്നു കോടതി.

സംഭവം നടന്ന പിറ്റേദിവസം മുതല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. അതിന് ശേഷം കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുവരെ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മാപ്പ് പറഞ്ഞാല്‍ എങ്ങനെയാണ് നീതിയാകുന്നത്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. അവര്‍ കുറ്റക്കാരിയാണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടതിനാലാണ് മാപ്പ് പറഞ്ഞതെന്നും ജയചന്ദ്രന്‍ പറഞ്ഞു. സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഈ ഖേദപ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേസില്‍ അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്ന് രംഗത്ത് എത്തി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. കോടതിക്ക് മുമ്പാകെ സമർപ്പിച്ച നടപടി റിപ്പോർട്ട് പൂർണമല്ലെന്നും വിമർശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം. 

അതിനിടെയാണ് കേസിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി. കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കേസ് പരിഗണിക്കവേ വിമർശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കുമെന്ന്  കോടതി ചോദിച്ചു. പെൺകുട്ടി പൊലീസുകാരിയെ ആന്‍റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സംഭവം കുട്ടിയിൽ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ നിർദ്ദേശം നൽകി.  ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. 

എന്നാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ പിശകുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾ കൂടിയതുകൊണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല, പൊലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേട് ഉണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും കോടതി നിരീക്ഷിച്ചു. 

കുട്ടിയുടെ മൊഴിയടക്കമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി പെൺകുട്ടി പറഞ്ഞത് നുണയല്ലെന്ന നിഗമനത്തിലാണ്. കുട്ടിയെ അപമാനിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. കുട്ടിക്ക് അനുകൂലം ആയി സംസ്ഥാന സർകാർ എന്ത് നടപടി സ്വീകരിക്കും എന്ന് കോടതി തിരിച്ചു ചോദിച്ചു. എന്ത് നടപടിയെടുക്കാൻ പറ്റുമെന്നതിൽ ഡിജിപിയുമായി ആലോചിച്ച് തീരുമാനിക്കമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

കുട്ടിയെ പരിശോധിക്കണമെന്ന പോലിസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമെന്ന് പറഞ്ഞ കോടതി കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. ഈ കേസിൽ മാത്രമല്ല പല കേസുകളിലും താൻ ഇത് കണ്ടിട്ടുണ്ടെന്ന് പൊലീസ് നിലപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണം.  കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണ് ? യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതും ആലോചിക്കാവുന്നതാണ് എന്ന് കോടതി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി