
മലപ്പുറം: ഇ അഹമ്മദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിനുകള്‍ അനുവദിച്ചിരുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വന്ദേ ഭാരതിന്റെ പേരിലുള്ള ബിജെപിയുടെ ആഘോഷം കാണുമ്പോള്‍, അക്കാര്യത്തിലെ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്‍ത്ത് പോവുകയാണെന്നും ഫിറോസ് പറഞ്ഞു. യുപിഎയുടെ തൊഴിലുറപ്പ് പദ്ധതി സിപിഎമ്മിന്റെ പദ്ധതിയാണെന്ന് എംവി ഗോവിന്ദന്‍ അവകാശപ്പെടുന്ന കാലം വന്നില്ലേയെന്നും ഫിറോസ് ചോദിച്ചു.
പികെ ഫിറോസിന്റെ കുറിപ്പ്: ''യു.പി.എ രാജ്യം ഭരിച്ചിരുന്ന സമയം ഓര്‍ത്ത് പോവുകയാണ്. റെയില്‍വേയില്‍ തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിന്‍! ഇപ്പോ ഒരു ട്രെയിന്‍ വരുമ്പോഴുള്ള ആഘോഷം കാണുമ്പോള്‍ നമ്മള്‍ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓര്‍ത്ത് പോവുകയാണ്. അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നില്‍ മന്‍മോഹന്‍സിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാലീ പദ്ധതി യു.പി.എയുടേതായിരുന്നെന്ന് എത്ര പേര്‍ക്കറിയാം. വന്ന് വന്ന് ഗോവിന്ദന്‍ മാഷ് വരെ ഇത് സി.പി.എമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ.''
''വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങള്‍! നെഹ്‌റുവിന്റെ ആദ്യ മന്ത്രിസഭ മുതല്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ നടത്തിയ എന്തെല്ലാം പരിശ്രമങ്ങള്‍. അണക്കെട്ടുകള്‍, പഞ്ചവല്‍സര പദ്ധതികള്‍, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍..പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം? 2000 രൂപ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്ന ഒരു ജനതയാക്കി അവരെ മാറ്റിയിരിക്കുന്നു. 2014 ന് ശേഷമാണ് ഇന്ത്യയുായതെന്ന് അവര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് ഇന്ത്യയെ വീണ്ടെടുക്കാന്‍, സവര്‍ക്കര്‍ മാപ്പെഴുതിക്കൊണ്ടിരുന്നപ്പോള്‍ സ്വാതന്ത്ര്യം നേടാന്‍ പടപൊരുതിയവരുടെ ചരിത്രം മാത്രം പഠിപ്പിച്ചാല്‍ പോരാ; ബ്രിട്ടീഷുകാര്‍ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയില്‍ കെട്ടിപ്പടുത്തതെങ്ങിനെയെന്ന് കൂടി അവരെ പഠിപ്പിക്കാന്‍ കഴിയണം.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam