
ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയതെന്ന് വാർത്താക്കുറിപ്പിൽ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ കുഞ്ഞാലിക്കുട്ടി ലോകസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയിൽ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കുമെന്നാണ് അവകാശവാദം. യുഡിഎഫ് ഘടകക്ഷികൾക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് വിശദീകരണം. 2019ൽ കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് മൽസരിച്ചത്. എന്നാൽ യുപിഎ വൻ പരാജയമാണ് ദേശീയതലത്തിൽ ഏറ്റുവാങ്ങിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാർട്ടി നൽകിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വ്യക്തമായിരുന്നു. നീക്കത്തിൽ കടുത്ത വിമർശനമാണ് എതിർ ചേരികളിൽ നിന്ന ഉയന്നതെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam