
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളം നിറഞ്ഞങ്ങനെ നിൽക്കുകയായിരുന്ന ഒരത്ഭുത പ്രതിഭാസമായിരുന്നു കെ എം മാണിയെന്ന് കുഞ്ഞാലിക്കുട്ടി ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. നഷ്ടമെന്നതിലുപരി കെ എം മാണിയുടെ വിയോഗം കേരളത്തിന്‍റെ പൊതുമേഖലയിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നും കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിലടക്കം അത് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയുമെല്ലാം കേരളത്തിന്‍റെ സാമൂഹ്യമണ്ഡലം നിറഞ്ഞു നിൽക്കുകയായിരുന്നു കെ എം മാണി. സർക്കാരിന്‍റെ ഭാഗമായിരിക്കുമ്പോൾ ശക്തമായ ഭരണത്തിനും പ്രതിപക്ഷത്തിരിക്കുമ്പോൾ ശക്തമായ സർക്കാർ വിമർശനത്തിനും കെ എം മാണി ഉണ്ടായിരുന്നു. അദ്ദേഹം രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നെങ്കിലും കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രങ്ങളൊന്നും സ്വന്തം നേട്ടത്തിന് വേണ്ടി ആയിരുന്നില്ല. അവസാന കാലത്ത് ദൗർഭാഗ്യകരമായ ചില ആരോപണങ്ങൾ ഉണ്ടായെങ്കിലും സംശുദ്ധമായ രാഷ്ട്രീയ ജീവിതമായിരുന്നു മാണിയുടേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൃഷിക്കാരുടേയും ഇടത്തരക്കാരുടേയും പാവങ്ങളുടേയും ജീവിതം മെച്ചപ്പെടുത്താനായിരുന്നു കെ എം മാണി അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ചത്. ആ തന്ത്രങ്ങൾ കേരളത്തിന് ഒരുപാട് നേടിക്കൊടുത്തു. കേരഴത്തിന്‍റെ സാമ്പത്തിക വളർച്ചയിലടക്കം അത് പ്രതിഫലിച്ചെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിച്ചു. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാൻ കെ എം മാണിയുടെ ഓർമ്മ മാത്രം മതിയെന്നും എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഈ നഷ്ടം എങ്ങനെ നികത്തപ്പെടും എന്ന് കാലം തെളിയിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി ന്യൂസ് അവറിൽ പറഞ്ഞു.
വീഡിയോ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam