`ഞങ്ങൾ ആ​ഗ്രഹിച്ചതല്ല ഇത്', വിമത കൺവെൻഷനല്ല‌, വിപ്ലവകാരികളുടെ കൺവെൻഷനെന്ന് പി കെ ശശി; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

Published : Mar 05, 2026, 11:58 AM ISTUpdated : Mar 05, 2026, 01:00 PM IST
p k sasi

Synopsis

സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി പി കെ ശശി. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്: പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് മുൻ എം എൽ എയും സിപിഎം നേതാവുമായ പി കെ ശശി. കോടിയേരി സഖാക്കളെ ചേർത്തുനിർത്തിയിരുന്നു എന്നും. എന്നാൽ, ഇപ്പോൾ പാർട്ടിയിൽ ആ കരുതൽ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേർ പങ്കെടുത്ത സിപിഎം വിമത കൺവെൻഷനിലാണ് ശശിയുടെ കടുത്ത വിമർശനങ്ങൾ.

രണ്ട് മുൻ ഏരിയാ സെക്രട്ടറിമാർ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാണ് സിപിഎം വിമതർ പാലക്കാട്ട് കൺവെൻഷൻ നടത്തിയത്. പി കെ ശശിയെ പോലെ ഒരു പ്രമുഖ നേതാവ് എത്തിയതോട കൺവെൻഷൻ ശ്രദ്ധ നേടി. 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടെന്ന് ശശി കൺവെൻഷനിൽ പ്രഖ്യാപിച്ചു. പാലക്കാട് നടക്കുന്നത് വിമത കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളു‌ടെ കൺവെൻഷൻ ആണെന്നും പികെ ശശി പറഞ്ഞു. ആരും പാർട്ടിക്ക് പുറത്തുവന്നതല്ല എന്നും ഈ അവസ്ഥ ജില്ലാ നേതൃത്വം ഉണ്ടാക്കിയതാണെന്നും പറഞ്ഞു. ശശി തുറന്നടിച്ചതോടെ വിമതർ സിപിഎമ്മുമായി പരസ്യ ഏറ്റുമുട്ടലിലേക്ക് ആണെന്ന് വ്യക്തമായി..

സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇത്; ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷൻ. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഞങ്ങൾ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയിൽ പറ‍ഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാറിൻ്റെ, ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസം​ഗത്തിൽ സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ശശി ശക്തമായി ആഞ്ഞടിച്ചു. ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. നിരവധി സഖാക്കളെ വേട്ടയാടി. കള്ളു കച്ചവടമല്ല, കള്ളിൽ സ്പിരിറ്റിൽ കലർത്തുന്നതാണ് പ്രശ്നം. കള്ള് വേണമെങ്കിൽ കച്ചവടം ചെയ്തോട്ടെ. കള്ളിൽ സ്പിരിറ്റ് കലക്കി കച്ചവടം ചെയ്യരുത്. ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. രണ്ടു പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്നമുണ്ടാക്കും. ഇ എൻ സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്. 5 വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറിയില്ല. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ലെന്നും ഇ എൻ സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കോട്ട മൈതാനം മതിയാകില്ലെന്നും പികെ ശശി പറഞ്ഞു.

പാലക്കാട് ജില്ലയിലെ നേതാക്കളെ പേരെടുത്തു പറഞ്ഞും പി എം ആർ ഷോയെ പോലുള്ളവരെ പേരെടുത്ത് പറയാതെ ആക്ഷേപിച്ചും ആയിരുന്നു ശശിയുടെ പ്രസംഗം. സംസ്ഥാന നേതാക്കളെ കുറ്റപ്പെടുത്തിയില്ല എങ്കിലും പാലക്കാട്ടെ നേതൃത്വത്തെ തിരുത്തിയാൽ മാത്രം ഇനി ഒന്നിച്ചു നീങ്ങാമെന്ന് ശശി പറഞ്ഞു. പാർട്ടിയുമായി സമീപകാലത്ത് ബന്ധം അവസാനിപ്പിച്ചവർ ആണ് കൺവെൻഷനിൽ പങ്കെടുത്തവർ ഏറെയും. 500 പേറേ പ്രതീക്ഷിച്ചിരുന്ന കൺവെൻഷനിലേക്ക് 1000ത്തിലേറെ പേർ എത്തിയത് വിമതനീക്കം ശക്തിപ്പെടും എന്നതിന്റെ സൂചനയാണ് നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രം, കബളിപ്പിച്ചു; തൃണമൂൽ വിട്ട് പ്രസീത അഴീക്കോട്
എലത്തൂരിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം; ശശീന്ദ്രൻ സ്വയം ഒഴിയണമെന്ന് പിസി ചാക്കോ, ഒഴിയില്ലെന്ന് ശശീന്ദ്രൻ