
പാലക്കാട് : പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ (plachimada tribunal bill)നടപ്പാക്കി ഇരകൾക്ക് നഷ്ടപരിഹാരം (compensation)നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും സമര (agitation)രംഗത്തേക്ക് ഇറങ്ങുകയാണ് പ്ലാച്ചിമട സമരസമിതി. ഓഗസ്ത് 15 മുതൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കമാകും.നഷ്ടപരിഹാരം നൽകാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ് മൂന്നു വർഷമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി പറയുന്നു.
പ്ലാച്ചിമട കൊക്കോ കോള വിരുദ്ധ സമരത്തിൻറെ ഇരുപതാം വാർഷികം 2 മാസം മുമ്പായിരുന്നു. ഒരിടവേളക്ക് ശേഷം പ്ലാച്ചിമട വീണ്ടും സമരരംഗത്തേക്കെത്തുകയാണ്. കുടിവെളളവും ജീവിതോപാധികളും ഇല്ലാതാക്കിയ കമ്പനിക്കെതിരെ, നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്. പ്ലാച്ചിമടക്കാരുടെ കുടിവെളളം മുട്ടിച്ചത് കൊക്കക്കോള കമ്പനിയെന്ന് 2009ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയിരുന്നു.
ഇപ്പോഴും കുടിവെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് . കിണറുകളിലെ വെള്ളം ഇപ്പോഴും മാലിന്യം നിറഞ്ഞതാണ്. അത് കുളിക്കാനോ പാത്ര കഴുകാനോ പോലും എടുക്കാനാകില്ല. മൂന്നര കിലോമീറ്ററിലേറെ നടന്ന് പോയി വേണം കുടിവെള്ളം ശേഖരിക്കാൻ. അതും തലച്ചുമടായി കൊണ്ടുവരണം. എല്ലാ ദിവസവും ഇതാണ് അവസ്ഥ.
പ്രശ്നങ്ങൾ കണ്ടെത്തിയ സമിതി പ്രദേശവസികൾക്ക് 216കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാമെന്ന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2011ൽ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാൽ വ്യക്തതക്കുറവിന്റെ പേരിൽ ബില്ല് മടക്കി.ഇതിൻമേൽ വ്യക്തത വരുത്താൻ ഇപ്പോഴും സംസ്ഥാന സർക്കാർ തയ്യാറാവാത്തതിലാണ് പ്രതിഷേധം.
കൊക്കോ കോള കമ്പനിയെ തുരത്താൻ നടത്തിയ സമരത്തേക്കാൾ ശക്തമായ പ്രക്ഷോഭമാണ് നാട്ടുകാർ നശ്ടപരിഹാരം നൽകാൻ നടപടിയെടുക്കാത്ത സർക്കാരിനെതിരെ വിഭാവനം ചെയ്യുന്നത്. ഒരു ചർച്ചയ്ക്കും ഇനി തയാറല്ലെന്നും സമര സമിതി പറയുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam